ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതിന് പിന്നാലെ കാര്‍ മതില്‍ തകര്‍ത്ത് നീന്തല്‍കുളത്തില്‍ വീണു. കാറിന് അകത്തുള്ള യാത്രക്കാരെ രക്ഷപ്പെടുത്തി അടുത്തുള്ള പ്രീ സ്‌കൂള്‍ ജീവനക്കാര്‍. യുഎസിലെ പാസഡീനയിലായിരുന്നു സംഭവം നടന്നത്.
നിയന്ത്രണം വിട്ട ടെസ്‌ലയുടെ ആഡംബര കാറാണ് ഒരു വീടിന്റെ മതില്‍ തകര്‍ത്ത് പിന്‍വശത്തുള്ള നീന്തല്‍കുളത്തിലേക്ക് വീണത്. ഒരു വയോധികയടക്കം രണ്ട് സ്ത്രീകളും ഒരു നാല് വയസുകാരനുമായിരുന്നു കാറിനകത്തുണ്ടായിരുന്നത്. വീട്ടിനുള്ളില്‍ ആളുണ്ടായിരുന്നെങ്കിലും തന്റെ ബാക്ക് യാര്‍ഡില്‍ നടന്ന അപകടം അയാള്‍ അറിഞ്ഞതേയില്ല.
അടുത്തുള്ള പ്രീ-സ്‌കൂളിലെ ജീവനക്കാര്‍ ഓടിയെത്തിയാണ് പൂളില്‍ ചാടി മൂന്നുപേരെയും രക്ഷിച്ചത്. വാഹനം പൂളിന്റെ അടിയിലേക്ക് മുങ്ങുന്നതിന് മുന്‍പ് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ടെസ്‌ലയുടെ കാര്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ ചിത്രം പകര്‍ത്തി പാസഡീന ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷയ്ക്ക് പേരുകേട്ട ടെസ്ല കാര്‍ അപകടങ്ങളില്‍ പലപ്പോഴും യാത്രക്കാരെ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷിച്ചിട്ടുണ്ട്.