വർഷങ്ങളായി സൈബർ ആക്രമണം; ഗതികെട്ട് മകൾ, ഒടുവിൽ അവൾ തിരിച്ചറിഞ്ഞു, ആക്രമണത്തിന് പിന്നിൽ സ്വന്തം അമ്മയെന്ന്! ഈ വർഷത്തെ മികച്ച മാതാവെന്ന് സൈബർ ലോകം

വാഷിംഗ്ടൺ: കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേരിടുന്ന സൈബർ ആക്രമണത്തിന് പരിസമാപ്തി കുറിച്ച സന്തോഷത്തിലാണ് പെൺകുട്ടി. എന്നാൽ സൈബർ ആക്രമണം അവസാനിച്ചുവെങ്കിലും മറ്റൊരു വേദനയിലൂടെയാണ് ഈ പെൺകുട്ടി കടന്നുപോകുന്നത്. കാരണം, സൈബർ ആക്രമണത്തിൽ അറസ്റ്റിലായത് ഇവരുടെ അമ്മ തന്നെയാണ്. കേൻഡ്ര ഗെയിൽ ലിക്കാരി എന്ന യുവതിയാണ് തന്റെ മകൾക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയത്.

തന്നെ നിരന്തരമായി ആക്രമിച്ചിരുന്നത് അമ്മ തന്നെയാണ് എന്നറിഞ്ഞതിന്റെ പകപ്പിലാണ് ഇപ്പോഴും കുട്ടി. ഏകദേശം ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതി അറസ്റ്റിലായത്. തന്റെ മെസേജുകളുടെ ഉറവിടം കണ്ടെത്താതിരിക്കാനായി വിപിഎൻ കണക്ഷൻ അവർ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കൗമാരക്കാരായ പെൺകുട്ടിയോ ആൺകുട്ടിയോ ആണ് മെസേജ് അയക്കുന്നത് എന്ന് തോന്നിപ്പിക്കുന്നതിനായി ചെറുപ്പക്കാരുടെ ഭാഷയിലാണ് സംസാരിച്ചിരുന്നത്.

എന്നാൽ എഫ്ബിഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം പുറത്താകുകയായിരുന്നു. ഇത്തരം മെസേജുകൾ ശ്രദ്ധയിൽപ്പെട്ടതോടെ പെൺകുട്ടി ആദ്യം ഇക്കാര്യം പറഞ്ഞത് അമ്മ ലിക്കാരിയോട് തന്നെയായിരുന്നു. ആ സമയം, മകളോടൊപ്പമാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റവും. ശേഷം കുട്ടി സ്‌കൂളിലെത്തി പരാതി നൽകുകയായിരുന്നു. പിന്നീട് എഫ്ബിഐ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഈ മെസേജുകൾ പെൺകുട്ടിയുടെ അമ്മയായ ലിക്കാരിയുടെ ഫോണിൽ നിന്നാണെന്ന് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ മകൾക്കെതിരെ സൈബർ ബുള്ളിയിംഗ് നടത്തിയത് താൻ തന്നെയാണെന്ന് ലിക്കാരി കുറ്റസമ്മതം നടത്തിയത്. അതേസമയം മകളുടെ സ്‌കൂളിലെ ബാസ്‌കറ്റ് ബോൾ കോച്ച് ആയിരുന്നു ലിക്കാരിയെന്ന് ബിൽ സിറ്റി സ്‌കൂൾ സൂപ്രണ്ട് വില്യം ചിൽമാൻ പറഞ്ഞു. ഇവരെ ഡിസംബർ 12ന് തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. 5000 ഡോളറിന്റെ ജാമ്യത്തിൽവിട്ടയ്ക്കുകയും ചെയ്തു. ഈ വർഷത്തെ ഏറ്റവും മികച്ച അമ്മയാണെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പരിഹാസം.

Exit mobile version