ന്യൂയോർക്ക്: നടിയും മോഡലുമായ ചാൾബി ഡീനിന്റെ മരണകാരണം പുറത്തുവിട്ടു. വിടപറഞ്ഞ് നാല് മാസം പിന്നിടുമ്പോഴാണ് താരത്തിന്റെ മരണ കാരണം പുറത്ത് വരുന്നത്. മുപ്പത്തിരണ്ടുകാരിയായ ചാൾബി ഡീനിനെ ഓഗസ്റ്റ് 2022 നാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പൊടുന്നനെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
കേപ്ടൗണിൽ ചാൾബി ഡീൻ 2010ൽ ‘സ്പഡ്’ എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിച്ചത്. ഈ വർഷത്തെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്‌കാരം നേടുകയും രണ്ട് ഗോൾഡൻ ഗ്ലോബുകൾക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്ത റൂബൻ ഓസ്റ്റ്‌ലണ്ടിന്റെ ‘ട്രയാംഗിൾ ഓഫ് സാഡ്‌നെസ്’ ആയിരുന്നു നടിയുടെ ഏറ്റവും പുതിയ സിനിമ.
അണുബാധയാണ് നടിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ‘ക്യാപ്‌നോസൈറ്റോഫാഗ’ എന്നറിയപ്പെടുന്ന ബാക്ടീരിയ ബാധിച്ചതിനെ തുടർന്നാണ് അത് സംഭവിച്ചതെന്നും വിദഗ്ധർ പങ്കുവച്ച റിപ്പോർട്ടിൽ പറയുന്നു. 2008 ൽ ഒരു കാർ അപകടത്തെ തുടർന്ന് നടിയുടെ പ്ലീഹ (spleen) നീക്കം ചെയ്തിരുന്നു. ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന അവയവമാണ് പ്ലീഹ. ഇത് ഇല്ലാത്തതുകൊണ്ടാണ് അണുബാധ രൂക്ഷമാകാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.