ദുബായ്: താലിബാന് സര്‍ക്കാര്‍ അഫ്ഗാന് പെണ്‍കുട്ടികള്‍ക്ക് സര്‍വ്വകലാശാലകളില്‍ പ്രവേശനം വിലക്കിയ സാഹചര്യത്തില്‍ 100 അഫ്ഗാന് പെണ്‍കുട്ടികളുടെ വിദ്യഭ്യാസം ഏറ്റെടുത്ത് ദുബായ്യിലെ പ്രമുഖ വ്യവസായി. പെണ്‍കുട്ടികളുടെ വിദ്യഭ്യാസം പൂര്‍ത്തീകരിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കാന്‍ സന്നദ്ധനാണെന്നാണ് ദുബായ്യിലെ പ്രമുഖ വ്യവസായി ഖലഫ് അഹ്മദ് അല്‍ ഹബ്തൂര് അറിയിച്ചത്. ഹബ്തൂര് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമാണ് ഇദ്ദേഹം.
ഉത്തരവാദപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിച്ച് കുട്ടികളെ ദുബായ് സര്‍വ്വകലാശാലകളില്‍ പഠനം പൂര്‍ത്തികരിക്കാന്‍ സഹായം ചെയ്യാമെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അദ്ദേഹം അറിയിച്ചത്. രാഷ്ട്രീയ നിലപാടുകളോട് അകലം പാലിച്ചുകൊണ്ടാണ് സഹായം ചെയ്യാനുള്ള തന്റെ തീരുമാനമെന്നും താലിബാന്റെ തീരുമാനം ദൗര്‍ഭാഗ്യകരവും ദുഃഖകരമാണെന്നും ട്വീറ്റില്‍ ഖലഫ് ഹബ്തൂര് പറഞ്ഞു. എന്നാല്‍, യോഗ്യരായ വിദ്യാര്‍ഥിനികളെ തെരഞ്ഞെടുക്കുന്നതിന്റെ പ്രക്രിയ സംബന്ധിച്ച് വ്യക്തമായിട്ടില്ല.
ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹബ്തൂര് ദുബായ്യിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ്. 2013ല്‍ ആരംഭിച്ച ഖലഫ് അഹമ്മദ് അല്‍ ഹബ്തൂര് ഫൗണ്ടേഷനിലൂടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രൂപ്പ് പണം നല്‍കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന് വിലക്കേര്‍പ്പെടുത്തിയത്. തിരുമാനത്തെ യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് അപലപിച്ചിരുന്നു. അഫ്ഗാന് സ്ത്രീകളെ ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് വിലക്കുന്ന താലിബാന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി യു.എന്നിലെ യുഎഇ സ്ഥിരം പ്രതിനിധിയും രാഷ്ട്രീയകാര്യ സഹമന്ത്രിയുമായ ലന നുസൈബയും പ്രസ്താവിച്ചിരുന്നു.
Discussion about this post