മെസ്സിയും സംഘവും മടങ്ങുന്നത് കിരീടവും 347 കോടി രൂപയുമായി: ഫ്രാന്‍സിന് 248 കോടി രൂപയും

ദോഹ: അര്‍ജന്റീനിയന്‍ ടീം ഖത്തര്‍ വിടുന്നത് ലോകകപ്പ് കിരീടവും വമ്പന്‍ തുകയുമായിട്ടാണ്. 42 മില്യണ്‍ ഡോളര്‍ (347 കോടി രൂപ) അര്‍ജന്റീനയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റണ്ണറപ്പായ ഫ്രാന്‍സിന് 30 മില്യണ്‍ ഡോളര്‍ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യണ്‍ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യണ്‍ ഡോളറും (206 കോടി രൂപ) ആണ് സമ്മാനത്തുക.

ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ബ്രസീല്‍, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്ക് 17 മില്യണ്‍ ഡോളറാണ് ലഭിച്ചത്. അതേസമയം, യുഎസ്എ, സെനഗല്‍, ഓസ്ട്രേലിയ, പോളണ്ട്, സ്പെയിന്‍, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകള്‍ക്ക് 13 മില്യണ്‍ ഡോളര്‍ വീതവും ലഭിച്ചു.

ഖത്തര്‍, ഇക്വഡോര്‍, വെയില്‍സ്, ഇറാന്‍, മെക്‌സിക്കോ, സൗദി അറേബ്യ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ, കാനഡ, ബെല്‍ജിയം, ജര്‍മ്മനി, കോസ്റ്ററിക്ക, സെര്‍ബിയ, കാമറൂണ്‍, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ പരാജയപ്പെട്ടവര്‍ക്ക് 9 മില്യണ്‍ ഡോളര്‍ വീതമാണ് സമ്മാനമായി ലഭിച്ചത്.

അതേസമയം അര്‍ജന്റീനിയന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നില്ലെന്ന് ലയണല്‍ മെസ്സി പ്രഖ്യാപിച്ചു. ചാമ്പ്യനായി കളിക്കുന്നത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മെസ്സി പറഞ്ഞു. മെയ്ല്‍ ഓണ്‍ലൈന്‍ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസ്സി പ്രഖ്യാപിച്ചതായുളള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരത്തിന്റെ പ്രതികരണം. ഈ ലോകകപ്പിലെ മാന്‍ ഓഫ് ദി മാച്ചും, മാന്‍ ഓഫ് ദി ടൂര്‍ണമെന്റും ലയണല്‍ മെസ്സിയാണ്. ഗോള്‍ഡന്‍ ബോളും ലോകകപ്പുമായുമാണ് മെസ്സിയുടെ മടക്കം.

ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അര്‍ജന്റീനക്കെതിരെ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടു ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസ്സിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്.

Read Also: ഖത്തര്‍ ലോകകപ്പിന് സമാനമായ ഒരു ഉത്സവം ഇന്ത്യയില്‍ നടക്കുന്ന കാലം വിദൂരമല്ല; പ്രധാനമന്ത്രി

ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടെയാണ് കളി അധിക സമയത്തേയ്ക്ക് നീണ്ടു. സൂപ്പര്‍ താരം എംബാപ്പെ രണ്ട് ഗോളുകള്‍ നേടി ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 80–ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനുട്ടില്‍ കിടിലന്‍ ഫിനിഷിങ്ങിലൂടെയും ബോള്‍ വലയിലെത്തിച്ച എംബാപ്പെ ഫ്രാന്‍സിന് ജീവശ്വാസം നല്‍കി.

കളി വിജയിച്ചുവെന്ന് അര്‍ജന്റീന ആരാധകര്‍ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന സമയത്താണ് ഫ്രഞ്ച് പട ആക്രമണം നടത്തിയത്. അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ മിശിഹായുടെ ഗോളില്‍ വീണ്ടും അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു. പിന്നാലെ എംബാപ്പെയുടെ ഗോളില്‍ വീണ്ടും ഫ്രാന്‍സ് സമനില പിടിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ഗോളുകള്‍ കൊണ്ട് വലനിറക്കുകയായിരുന്നു.

Exit mobile version