അമ്മമാര്‍ക്ക് ചുംബനം നല്‍കി മൊറോക്കോ ടീമിന്റെ വിജയാഘോഷം: ലോകം നെഞ്ചേറ്റിയ ചിത്രങ്ങള്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ സെമിയില്‍ കടന്നിരിക്കുകയാണ്. മൊറോക്കോയുടെ വിജയാഘോഷത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു താരങ്ങള്‍ അവരുടെ അമ്മമാരുടെ അടുത്തേക്ക് ഓടിപ്പോകുന്ന ദൃശ്യം.

കളിക്കാര്‍ മാത്രമല്ല പരിശീലകന്‍ വാലിദ് റെഗ്‌റാഗിയും സെമി പ്രവേശനം ആഘോഷിച്ചത് അമ്മയ്ക്ക് ചുംബനം നല്‍കിയാണ്. അമ്മമാരോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരം താരങ്ങള്‍ ഒരു കളിയിലും പാഴാക്കിയില്ല.

റഫറി ഫൈനല്‍ വിസില്‍ ഊതിയാല്‍ മൊറോക്കോ താരങ്ങള്‍ അമ്മമാരെ കാണാന്‍ പോകും. സ്‌നേഹ ചുംബനം, ആലിംഗനം വിജയം അമ്മമാര്‍ക്കൊപ്പം. പന്ത് തട്ടിയ മൈതാനത്ത് ഒത്തൊരുമിച്ച് ഒരു സന്തോഷ സുജൂദ്. അതുകഴിഞ്ഞാല്‍ പലസ്തീന്‍ പതാകയേന്തിയ ഫോട്ടോ. ഫുട്‌ബോള്‍ ലോകം കണ്ടുശീലിക്കാത്ത ആഘോഷങ്ങളാണ് ഖത്തറില്‍ മൊറോക്കന്‍ താരങ്ങളുടെതായി ലോകം കണ്ടത്.

ഖത്തറില്‍ ദേശീയ ടീം കളിക്കുന്ന ഓരോ മത്സരങ്ങള്‍ക്ക് ശേഷവും അമ്മമാരോടൊപ്പം ആഘോഷിക്കുന്ന ഒരു കൂട്ടം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്. ”റോഡിലൂടെ നടക്കുന്നവര്‍ക്ക് അമ്മ ജീവിതത്തിന്റെ വിളക്കുമാടമായി തുടരുന്നു”. മൊറോക്കന്‍ ടീമിന്റെ പരിശീലകനായ വാലിദ് റെഗ്‌റാഗി കുറിച്ചു

ലോകകപ്പ് സെമിഫൈനലിലേക്ക് മൊറോക്കോ യോഗ്യത നേടിയതില്‍ സന്തോഷിച്ച് ടീം അംഗമായ സുഫിയാന്‍ ബൗഫല്‍ തന്റെ അമ്മയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

‘കളി കാണാനെത്തിയ ഒരു പ്രധാന അതിഥിക്ക് സ്റ്റാന്‍ഡില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ സുഫിയാന്‍ ബൗഫലിന്റെ അമ്മ വിജയം ആഘോഷിക്കാന്‍ അല്‍ തുമാമ സ്റ്റേഡിയത്തില്‍ പ്രവേശിച്ചു. ഇന്ന് മൊറോക്കോയുടെ ആഘോഷങ്ങളുടെ താരം ഈ അമ്മയാണ്”- ഫിഫ ട്വിറ്ററില്‍ കുറിച്ചു. 2022 ലോകകപ്പിലെ ഏറ്റവും മനോഹരമായ വിഡിയോകള്‍ എന്നു പറഞ്ഞാണ് ദൃശ്യങ്ങള്‍ വൈറലാകുന്നത്.

Exit mobile version