വിവാഹവേദിയിൽ വെച്ച് വധുവിന് കഴുതക്കുട്ടിയെ സമ്മാനമായി നൽകിയതാണ് ഇപ്പോൾ ഏറെ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്. പാകിസ്താനിലാണ് നടന്നതെങ്കിലും വീഡിയോ ലോകം മുഴുവനും എത്തി കഴിഞ്ഞു. ഇതോടെ വ്യാപക പ്രതിഷേധവും ഉയരുകയാണ്. കറാച്ചി സ്വദേശിയായ യുട്യൂബർ അസ്ലൻ ഷായാണ് തന്റെ വധു വാരിഷയ്ക്ക് കഴുതക്കുട്ടിയെ സമ്മാനിച്ചത്. വാരിഷയ്ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം മനസ്സിലാക്കിയാണ് ഇത്തരമൊരു സമ്മാനം നൽകാൻ തീരുമാനിച്ചതെന്ന് അസ്ലൻ പറയുന്നു.
എന്നാൽ ഇതൊന്നും വിമർശകരെ ബാധിക്കുന്നില്ല. കഴുതയെ വിവാഹ സമ്മാനമായി നൽകിയതാണ് ചർച്ച. വിവാഹ വേദയിൽ വച്ച് കഴുതക്കുട്ടിയെ അസ്ലൻ വധുവിന് കൈമാറുന്നതും ഇരുവും അതിനെ ലാളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സമ്മാനം വൈറലാകാൻ വേണ്ടി ചെയ്യുന്നതാണെന്നും വിവാഹത്തിന് കഴുതയെ കൊടുത്തത് ശരിയായില്ലെന്നുമാണ് വിമർശനം. അതേസമയം, താൻ മൃഗസ്‌നേഹിയാണെന്നും കഴുതകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അസ്ലൻ പ്രതികരിച്ചു.
കൂടാതെ വാരിഷയ്ക്കും കഴുതകളെ ഇഷ്ടമാണെന്നും കഠിന പ്രയത്‌നം ചെയ്യുന്ന ഒരു മൃഗമാണ് കഴുതയെന്നും അസ്ലൻ പറയുന്നു. വിമർശനങ്ങൾ അതിരുകൾ ഭേദിക്കുമ്പോഴും തങ്ങളുടെ കഴുതക്കുട്ടിയെ പരിചരിക്കുന്നതിലും ലാളിക്കുന്നതിന്റെയും തിരക്കിലാണ് ഈ നവദമ്പതികൾ. അതേസമയം, വിമർശനങ്ങൾക്കൊപ്പം പിന്തുണയും ഉയരുന്നുണ്ട്. മറ്റ് ജന്തുക്കളെ പോലെ തന്നെയാണ് കഴുതയും, അതിനെ വേർതിരിച്ച് കാണുന്നത് ശരിയല്ലെന്ന് ഒരു വിഭാഗക്കാരുടെ അഭിപ്രായം.