എരിവുള്ള ഭക്ഷണം കഴിച്ച് ചുമച്ചതിനെ തുടർന്ന് യുവതിയുടെ വാരിയെല്ലുകൾ തകർന്നു. ഷുവാങ് എന്ന സ്ത്രീയുടെ നാലു വാരിയെല്ലുകളാണ് തകർന്നത്. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ചുമയ്ക്കുന്നതിനിടെ നെഞ്ചിൽ നിന്ന് ഒരു ശബ്ദം കേട്ടിരുന്നെങ്കിലും എന്തെങ്കിലും സംഭവിച്ചതായി അവർക്കു തോന്നിയിരുന്നില്ല.
എന്നാൽ ഏതാനു ദിവസങ്ങൾക്കു ശേഷം ശ്വാസോച്ഛ്വാസം നടത്തുമ്പോഴും സംസാരിക്കുമ്പോഴും നെഞ്ചിൽ ചെറിയ വേദന അനുഭവപ്പെട്ട് തുടങ്ങി. ദിവസം കഴിയുംതോറും വേദന കൂടി വന്നു, ഇതോടെ ഡോക്ടറെ കണ്ടു. ശേഷം, സിടി സ്‌കാൻ എടുത്തപ്പോഴാണ് യുവതിയുടെ വാരിയെല്ലുകൾ തകർന്നതായി കണ്ടെത്തിയത്. തുടർന്ന് ഒരുമാസത്തെ പരിപൂർണ വിശ്രമം നിർദേശിച്ചു. ശരീരഭാരം കുറവായതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
വാരിയെല്ലുകളെ താങ്ങാനുള്ള ശക്തി ഹുവാങ്ങിന്റെ നെഞ്ചിലെ ചർമത്തിൽ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അസ്ഥികളെ താങ്ങാൻ പേശികൾ ഇല്ലാത്തതിനാൽ പെട്ടെന്ന് പരിക്കു പറ്റും. അഞ്ച് അടി 6 ഇഞ്ച് ഉയരമുള്ള തനിക്ക് 57 കിലോഗ്രാം ഭാരമുണ്ടെങ്കിലും ശരീരത്തിന്റെ മുകൾഭാഗത്തേക്ക് ഭാരം കുറവാണെന്ന് ഹുവാങ് വ്യക്തമാക്കി.