ജോലി അന്വേഷകര്‍ ശ്രദ്ധിക്കുക, വളരെ വ്യത്യസ്തമായൊരു ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടോ എങ്കില്‍ ഉടന്‍തന്നെ ന്യൂയോര്‍ക്കിലേക്ക് പറന്നോളു. ജോലി മറ്റൊന്നുമല്ല, എലിയെ പിടിച്ച് പെട്ടിയിലാക്കലാണ്. വിശ്വസിക്കാനാവുന്നില്ല അല്ലേ, എങ്കില്‍ സംഭവം സത്യമാണ്.
ഈ തിങ്കളാഴ്ചയാണ് ന്യൂയോര്‍ക്ക് സിറ്റി മേയറുടെ ഓഫീസ് നഗരത്തിലെ എലിശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി പദ്ധതികള്‍ തയ്യാറാക്കാനായി ഒരാളെ വേണം എന്ന് പരസ്യം നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ മുഖ്യ ശത്രുവായ എലികളെ നേരിടാന്‍ ഒരാളെ തിരയുകയാണ് ന്യൂയോര്‍ക്ക് നഗരം.
നഗരത്തിന്റെ മേയര്‍ എറിക് ആഡംസ് ആണ് എലിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആള്‍ക്ക് വേണ്ടി പരസ്യം നല്‍കിയതും എലികളെ ഇല്ലാതെയാക്കാന്‍ സഹായിക്കുന്നവര്‍ക്കായി 1.13 കോടി രൂപ നല്‍കാന്‍ തയ്യാറാണ് എന്നും അറിയിച്ചത്. പ്രോജക്ട് മാനേജ്‌മെന്റിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
പദ്ധതികള്‍ തയ്യാറാക്കുക, അതിന് മേല്‍നോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ക്ക് ചെയ്യേണ്ടി വരിക. പ്രസിദ്ധീകരിച്ച പരസ്യത്തില്‍ എലിശല്ല്യം ഇല്ലാതെയാക്കാന്‍ നഗരവാസികളും ശ്രമിക്കണം എന്ന് പറയുന്നു. ന്യൂയോര്‍ക്കില്‍ ഏകദേശം 1.8 കോടി എലികളെങ്കിലും ഉണ്ട് എന്നാണ് കരുതുന്നത്.