ഫിഫ ലോകകപ്പ് ഫുട്ബോള്‍ കപ്പ് ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ ആഘോഷമാക്കുമ്പോള്‍ ലോകകപ്പില്‍ തന്റെ മകന് കളിക്കുന്നത് വീട്ടിലിരുന്ന് ടിവിയില്‍ കാണുന്ന ഒരു അമ്മയുടെ സന്തോഷമാണ് സൈബര്‍ ലോകം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
കനേഡിയന്‍ ടീം അംഗം സാം എഡാകുബേയുടെ അമ്മ ഡീ ആണ് മകനെ ടിവിയില്‍ കണ്ട് മതിമറന്ന് സന്തോഷിക്കുന്നത്. ഫിഫ വേള്‍ഡ് കപ്പ് 2022 മത്സരത്തില്‍ ഇഎസ്പിഎന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണ് വൈറലായത്.
‘എന്റെ മകന് ലോകകപ്പില്‍ കളിക്കുന്നു. നന്ദി ജീസസ്, ഹല്ലേലൂയ’ എന്ന് ആ അമ്മ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കാനഡയും ബെല്‍ജിയവും തമ്മിലുള്ള കളിക്കിടെയാണ് മകനെ കണ്ട സന്തോഷം അവര്‍ പ്രകടിപ്പിച്ചത്.
അതേസമയം, സുവര്‍ണനിരയുമായി കളിക്കാനിറങ്ങിയ ബെല്‍ജിയത്തെ വിറപ്പിച്ച ശേഷം കാനഡ കീഴടങ്ങി. ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഇരു ടീമും പരസ്പരം മത്സരിച്ചപ്പോള്‍ മിച്ചി ബാറ്റ്ഷുവായിയുടെ ഏക ഗോളില്‍ ബെല്‍ജിയം മത്സരം സ്വന്തമാക്കുകയായിരുന്നു.
ഫിനിഷിങ്ങിലെ പിഴവും ബെല്‍ജിയം ഗോള്‍ തിബോ കുര്‍ട്ടോയുടെ മികവുമാണ് കാനഡയ്ക്ക് തിരിച്ചടിയായത്. മത്സരം തുടങ്ങി ആദ്യ മിനിറ്റുകള്‍ക്ക് ശേഷം ആക്രമണപ്രത്യാക്രമണങ്ങള്‍ക്കാണ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം സാക്ഷിയായത്.
ഒരു ഭാഗത്ത് മിച്ചി ബാറ്റ്ഷുവായിയിലൂടെ ബെല്‍ജിയവും മറുഭാഗത്ത് ടയോണ് ബുക്കാനന്, അള്ഫോണ്സോ ഡേവിസ്, ജൊനാഥന് ഡേവിഡ് എന്നിവരിലൂടെ കാനഡയും ഗോള്‍മുഖങ്ങള്‍ ആക്രമിച്ച് കയറി. എന്നാല്‍ ഗോള്‍മാത്രം അകന്നുനിന്നു.
Discussion about this post