ദോഹ: ലോകകപ്പ് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും ‘നന്ദി’ എഴുതി ഖത്തറിന്റെ സ്‌നേഹവായ്പ്. ഖത്തറും ഇക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിലാണ് മലയാളത്തിലും നന്ദി എഴുതി പ്രകാശിപ്പിച്ചിരുന്നത്.
അല്ലെങ്കിലും, ഇത്തവണത്തെ ഖത്തര്‍ ലോകകപ്പിന് മലയാളികളുടെ സ്‌നേഹസ്പര്‍ശമുണ്ട്. വര്‍ണാഭമായ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം മുതല്‍ ലോകകപ്പ് സംഘാടനത്തന് വരെ മലയാളികള്‍ മുന്നിലുണ്ട് എന്നതാണ് പ്രത്യേകത. ഫുട്‌ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ചക്കാരായും വളണ്ടിയര്‍മാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിലേത്.
അതേസമയം, ദോഹയിലെ അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ ഖത്തര്‍ ലോകകപ്പിന് വര്‍ണാഭമായ കിക്കോഫാണുണ്ടായത്. ഖത്തറിന്റെ സാംസ്‌കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ഇക്വഡോര്‍ നായകന്‍ എന്നര്‍ വലന്‍സിയയുടെ കരുത്തില്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.
അഞ്ചാം മിനുറ്റില്‍ റഫറി നിഷേധിച്ച ഗോളിന് വലന്‍സിയ ഇരട്ട ഗോളിലൂടെ മറുപടി നല്‍കുകയായിരുന്നു. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ തന്റെ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ തോല്‍ക്കുന്ന ആദ്യ ആതിഥേയരാണ് ഖത്തര്‍. ആദ്യ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ ഇക്വഡോര്‍ നായകന്‍ എന്നര്‍ വലന്‍സിയയാണ് കൂള്‍ പ്ലെയര്‍ ഓഫ് ദി മാച്ച്.