ഉത്തര കൊറിയൻ ഏകാധിപതിയായ പിതാവ് കിം ജോങ് ഉന്നിന്റെ കൈപിടിച്ച് ലോകത്തിന് മുൻപിൽ ആദ്യമായി മുഖം നൽകി മകൾ. യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഇന്നലെ ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയിൽ പരീക്ഷിച്ചിരുന്നു. ഇതിനു സാക്ഷ്യം വഹിക്കാൻ ആണ് കിം തന്റെ മകളെയും കൂട്ടി എത്തിയത്.
ഇരുവരുടെയും ചിത്രങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. അതേസമയം, കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കിമ്മിന് രണ്ടു പെൺമക്കളും ഒരു മകനുമാണ് ഉള്ളതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല.
ഈ വേളയിലാണ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെന്നോളം കിം തന്റെ മകളുമായി ലോകത്തിന് മുൻപിലെത്തിയത്. കിം മകളുമൊത്ത് ആദ്യമായാണ് പൊതു ചടങ്ങിൽ എത്തുന്നതെന്ന് യുഎസ് ആസ്ഥാനമായ സ്റ്റിംസൺ സെന്ററിലെ ഉത്തര കൊറിയൻ വിഷയ വിദഗ്ധൻ മൈക്കൽ മാഡൻ പറഞ്ഞു.
സെപ്റ്റംബറിലെ ദേശീയ അവധിദിന ആഘോഷങ്ങൾക്കിടയിൽ കുട്ടികളിലൊരാൾ പങ്കെടുത്തതായും റിപ്പോർട്ട് ഉണ്ട്. അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരമായിരുന്ന ഡെന്നിസ് റോഡ്മാൻ ഉത്തര കൊറിയ സന്ദർശിച്ചപ്പോൾ കിമ്മിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചിരുന്നെന്നും അന്ന് കിമ്മിന്റെ ‘മകളെ’ കൈയിൽ എടുത്തു എന്നും വെളിപ്പെടുത്തിയിരുന്നു.
ജു എ എന്നാണ് പേരെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പറഞ്ഞു. ജു എയ്ക്ക് 12-13 വയസ് പ്രായമുണ്ടാകുമെന്നും നാല് അഞ്ച് വർഷത്തിനുള്ളിൽ സൈനിക സേവനത്തിനോ സർവകലാശാലാ പഠനത്തിനോ യോഗ്യത നേടുമെന്നും മാഡൻ പറയുന്നു.