കാബൂൾ: അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് ജിമ്മുകളിലും പാർക്കുകളിലും വിലക്ക് ഏർപ്പെടുത്തി താലിബാൻ.ഇവിടങ്ങളിൽ ലിംഗവ്യത്യാസം പാലിക്കുന്നില്ലെന്നും ശിരോവസ്ത്രം ധരിക്കാതെയാണ് സ്ത്രീകൾ പ്രവേശിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് താലിബാന്റെ പുതിയ നടപടി. താലിബാൻ വക്താവ് അക്കെഫ് മോഹജെർ ആണ് ഇക്കാര്യം അറിയിച്ചത്.
ഏർപ്പെടുത്തിയ വിലക്ക് ഈയാഴ്ച നിലവിൽ വരും. കഴിഞ്ഞ 15 മാസമായി ഇതിനുവേണ്ടി ശ്രമിക്കുകയായിരുന്നു. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾ പ്രവേശിക്കുന്നത് പ്രത്യേക ദിവസങ്ങളിലാക്കിയ ഉത്തരവ് പാലിക്കാത്തതിനാലാണ് വിലക്കേർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഓഗസ്റ്റിൽ ആണ് അഫ്ഗാനിസ്താൻ പിടിച്ചെടുത്തത്. പിന്നാലെ സ്ത്രീകൾക്കുനേരെയുണ്ടായ നീതിനിഷേധങ്ങളും അവകാശലംഘനങ്ങളും തുടർക്കഥയാവുകയാണ്. ഭരണമേറ്റെടുത്ത ഉടനെ ആറാം ക്ലാസ് മുതലുള്ള പെൺകുട്ടികൾക്ക് താലിബാൻ സ്‌കൂൾ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഭരണത്തിലേറുന്ന സമയത്തെ വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തി മിക്ക മേഖലകളിലും സ്ത്രീകൾ ജോലിചെയ്യുന്നത് പോലും തടഞ്ഞു. പിന്നാലെയാണ് വിലക്കും ഏർപ്പെടുത്തിയിരിക്കുന്നത്.