വെടിയേറ്റ് ഇമ്രാന്‍ ഖാന്‍ ആശുപത്രിയില്‍; ഒരാള്‍ പിടിയില്‍; ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; നിരീക്ഷിക്കുകയാണ് എന്ന് ഇന്ത്യ

ഇസ്ലാമാബാദ്: പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്ററുമായിരുന്ന ഇമ്രാന്‍ ഖാനെ വധിക്കാന്‍ ശ്രമം. റാലിയില്‍ പങ്കെടുക്കുകയായിരുന്ന ഇമ്രാന്‍ ഖാന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമിയെ പിടികൂടിയിട്ടുണ്ട്. വെടിവെപ്പിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടുകയായിരുന്നു.

പാക് സര്‍ക്കാരിനെതിരായ പ്രക്ഷോഭവുമായി ഇമ്രാന്‍ ഖാന്‍ നയിക്കുന്ന ലോങ് മാര്‍ച്ച് വസീറാബാദിലെ സഫര്‍ അലി ഖാന്‍ ചൗക്കില്‍ എത്തിയപ്പോഴായിരുന്നു സംഭവം. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ കൂടി കണ്ടെയ്‌നറില്‍ സഞ്ചരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന് നേരെ വെടി പൊട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ കാലിലാണ് പരിക്കേറ്റിരിക്കുന്നത്. ഇത് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇമ്രാന്‍ ഖാനെ വധിക്കാനായിരുന്നു പദ്ധതിയെന്ന് അക്രമി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ജനങ്ങളെ ഇമ്രാന്‍ ഖാന്‍ തെറ്റായി നയിക്കുകയാണെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

അക്രമി ഇമ്രാന്‍ ഖാനെ ലക്ഷ്യം വെച്ചായിരുന്നു ബൈക്കില്‍ ഗുജ്‌റന്‍വാലയിലെ റാലിയിലേക്ക് എത്തിയത്. ഇവിടെ വെച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ബൈക്ക് ഗുജ്‌റന്‍വാലയില്‍ തന്നെയുള്ള ബന്ധുവീട്ടിലാണ് ബൈക്ക് ഉപേക്ഷിച്ചതെന്ന് അയാള്‍ പ്രതികരിച്ചു.

also read- പുഴയിലെ മെസിക്ക് മറുപടിയായി കരയിലെ നെയ്മര്‍; പുല്ലാവൂരിലെ കനത്ത പോരാട്ടം സോഷ്യല്‍മീഡിയയിലേക്കും!

അതേസമയം, ഇയാള്‍ക്ക് പുറമെ ഇമ്രാന്‍ ഖാനെ ലക്ഷ്യം വെച്ച് മറ്റൊരാള്‍ കൂടി തോക്കുമായി റാലിയില്‍ എത്തിയിരുന്നു എന്നാണ് സൂചന. രണ്ടു പേരുടെ കൈയിലും തോക്ക് ഉണ്ടായിരുന്നെന്നും ഒരാളുടെ പക്കല്‍ ഓട്ടോമാറ്റിക് റൈഫിള്‍ ആയിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമംയം, വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തി. പാകിസ്താനില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. വിഷയത്തില്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.

Exit mobile version