ലണ്ടന്‍: ഇന്ത്യയ്ക്കിത് അഭിമാന നിമിഷം, ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയാകും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി എത്തുന്നതെന്ന സവിശേഷതയുമുണ്ട്. ദീപാവലി ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ടിമധുരമായി ഋഷി സുനകിന്റെ സ്ഥാനലബ്ധി മാറുകയാണ്. അടുത്ത രണ്ടു വര്‍ഷം വരെ ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. 2024ലാണ് ബ്രിട്ടനില്‍ ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യന്‍ വംശജന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് ആദ്യം. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ നിന്ന് ബോറിസ് ജോണ്‍സന്‍ പിന്‍മാറിയിരുന്നു. എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പാക്കിയത്.
57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സന് ഉറപ്പാക്കാനായത്. പെനി മോര്‍ഡന്റിന് 30 എംപിമാരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാനായുള്ളുവെന്നാണ് പ്രാഥമിക വിവരം. ബോറിസ് ജോണ്‍സനു പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സെപ്റ്റംബര്‍ 5 ന് നടന്ന വോട്ടെടുപ്പില്‍ ഋഷി സുനക്കിനെ പരാജയപ്പെടുത്തിയ ലിസ് ട്രസ് ചുമതലയേറ്റ് 45 ാം ദിവസം രാജിവച്ചതോടെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് സ്ഥാനാര്‍ഥിത്വത്തിന് ഋഷി സുനക്കിന് വീണ്ടും അവസരമൊരുങ്ങിയത്.