ഒരു വൈരക്കല്ലിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന വില എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കി പിങ്ക് ഡയമണ്ട്. ഒക്ടോബര്‍ ഏഴിന് ഹോങ്കോങ്ങില്‍ നടന്ന രത്നലേലത്തിലാണ് പിങ്ക് ഡയമണ്ട് ‘ശോഭയേറിയ’ താരമായി മാറിയത്.
ഹോങ്കോങ്ങില്‍ നടന്ന ലേലത്തില്‍ 57.7 മില്യണ്‍ ഡോളറിനാണ് ഏകദേശം 375.5 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് പിങ്ക് ഡയമണ്ട് വിറ്റു പോയത്. 11.15 കാരറ്റ് വില്യംസണ്‍ പിങ്ക് സ്റ്റാര്‍ ഡയമണ്ട് ആണ് വിലയില്‍ റെക്കോര്‍ഡിട്ടത്. ഇന്നുവരെ ഒരു ഡയമണ്ടിന് ലഭിച്ച ഏറ്റവും വലിയ വിലയ്ക്കാണ് ഇത് ലേലത്തില്‍ പോയത്. ഒരു കാരറ്റിന് 5.2 മില്യണ്‍ ഡോളറിനടുത്ത് ലഭിച്ചു.
അമേരിക്കയിലെ ഒരു സ്വകാര്യ ഡയമണ്ട് കലക്ടറാണ് പിങ്ക് ഡയമണ്ട് സ്വന്തമാക്കിയത്. രണ്ട് ഐതിഹാസിക പിങ്ക് വജ്രങ്ങളില്‍ നിന്നാണ് വില്യംസണ്‍ പിങ്ക് സ്റ്റാറിന് ഈ പേര് ലഭിച്ചത്. ആദ്യത്തേത് 23.60 കാരറ്റ് വില്യംസണ്‍ പിങ്ക് ഡയമണ്ട്, 1947 ല്‍ അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് വിവാഹ സമ്മാനമായി ലഭിച്ചതാണിത്.
രണ്ടാമത്തേത് 2017 -ലെ ലേലത്തില്‍ 71.2 മില്യണ്‍ ഡോളറിന് വിറ്റുപോയ 59.60 കാരറ്റ് പിങ്ക് സ്റ്റാര്‍ ആണ്. ലേലത്തില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ വലിയ പിങ്ക് ഡയമണ്ട് വില്യംസണ്‍ പിങ്ക് സ്റ്റാറും എലിസബത്ത് രാജ്ഞിയുടെ വജ്രവും ടാന്‍സാനിയയിലെ വില്യംസണ്‍ ഖനിയില്‍ നിന്നാണ് വന്നത്.
പിങ്ക് ഡയമണ്ടുകള്‍ക്ക് പേരുകേട്ടതാണ് വില്യംസണ്‍ ഖനി. നിറമുള്ള ഡയമണ്ടുകളില്‍ ഏറ്റവും അപൂര്‍വ്വവും വിലപിടിപ്പുള്ളതുമാണ് ഈയിനം. അതേസമയം, 2015 ല്‍ വിറ്റ ഒരു നീല ഡയമണ്ടിന് ക്യാരറ്റിന് നാലു മില്യണ്‍ ഡോളര്‍ ആയിരുന്നു ലഭിച്ചത്. ഇതായിരുന്നു ഇതിനു മുന്‍പത്തെ ലോക റെക്കോര്‍ഡ്.
Discussion about this post