മനാമ: ഭിന്നശേഷിക്കാരിയായ നഴ്‌സറി വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച സംഭവത്തില്‍ ബഹ്‌റൈനില്‍ പ്രവാസി അധ്യാപികയ്ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഇവര്‍ക്കൊപ്പം അതേസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മറ്റൊരു ജീവനക്കാരി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച ജീവനക്കാരിക്ക് 12 മാസം ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇരുവരും ഏത് രാജ്യക്കാരാണെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നില്ല. ബഹ്‌റൈനില്‍ വിവാദമായ കേസില്‍ കഴിഞ്ഞ ദിവസം ലോവര്‍ കറക്ഷണല്‍ ജസ്റ്റിസ് കോടതിയാണ് വിധി പറഞ്ഞത്.
ആവശ്യമായ പെര്‍മിറ്റുകളില്ലാതെ ജോലി ചെയ്തതിന് ഇരുവര്‍ക്കും 100 ബഹ്‌റൈനി ദിനാര്‍ വീതം പിഴ ശിക്ഷ വിധിച്ചിട്ടുണ്ടെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഇവരെ നാടുകടത്തുമെന്നും ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ അറിയിച്ചു.
ക്ലാസില്‍ അടങ്ങിയിരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നഴ്‌സറി ജീവനക്കാരി, ഭിന്നശേഷിക്കാരിയായ കുട്ടിയെ അടിക്കുകയും പിടിച്ചുവലിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ ജനരോഷം ഉയര്‍ന്നിരുന്നു.
തൊട്ടുപിന്നാലെ സ്ഥാപനം അടച്ചുപൂട്ടുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഴ്‌സറിയുടെ ഉടമസ്ഥന് രണ്ട് മാസം ജയില്‍ ശിക്ഷ നല്‍കിയതായും ലൈസന്‍സില്ലാതെ സ്ഥാപനം നടത്തിയതിന് 1000 ബഹ്‌റൈനി ദിനാര്‍ പിഴ ചുമത്തിയതായും പ്രോസിക്യൂഷന്‍ അറിയിച്ചു.
ആവശ്യമായ യോഗ്യതകളില്ലാത്തവരെ ജീവനക്കാരായി നിയോഗിച്ചതിന് 2000 ദിനാറും ഇയാള്‍ക്ക് പിഴ ലഭിച്ചു. എന്നാല്‍ പീന്നീട് തെളിവുകളുടെ അഭാവത്തില്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും ഇയാള്‍ മുക്തനാക്കപ്പെടുകയായിരുന്നു.