വാഷിങ്ടണ്‍: ശചീകരണ പ്രവര്‍ത്തിക്കിടെ ജീവനക്കാരിയെ സിംഹം കടിച്ചു കീറി കൊന്നു. അമേരിക്കയില്‍ സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരിയായ ഇരുപത്തിരണ്ടുകാരി അലക്സാന്‍ഡ്ര ബ്ലാക്കിനാണ് ദാരുണാന്ത്യമുണ്ടായത്. നോര്‍ത്ത് കരോലിനയിലെ സംരക്ഷണകേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
അലക്സാന്‍ഡ്രയെ ആക്രമിച്ച് കൊന്ന സിംഹത്തെ വെടിവെച്ച് കൊല്ലുകയും ചെയ്തു. സംരക്ഷണ കേന്ദ്രത്തില്‍ അലക്സാന്‍ഡ്ര ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിരുന്നുള്ളൂ. ശുചീകരണ പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് സാധാരണ ഗതിയില്‍ സിംഹങ്ങളെ പൂട്ടിയിടുകയാണ് ചെയ്യുക. ഇത്തരത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ഭാഗത്ത് നിന്ന് സിംഹം എങ്ങനെയോ പുറത്തെത്തിയതാവാമെന്ന് സംരക്ഷണകേന്ദ്രത്തിന്റെ അധികൃതര്‍ പറഞ്ഞു.
സിംഹത്തെ കൊന്നാല്‍ മാത്രമേ അലക്സാന്‍ഡ്രിയയുടെ മൃതദേഹം വീണ്ടെടുക്കാന്‍ കഴിയുമായിരുന്നുള്ളു എന്ന സാഹചര്യം വന്നതോടെയാണ് അധികൃതര്‍ സിംഹത്തെ വെടിവെച്ച് വീഴ്ത്തിയത്. ആക്രമണം നടത്തിയ സിംഹത്തെ ശാന്തമാക്കുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് വെടിവെക്കേണ്ടി വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 45 ഏക്കറോളം വിസ്തൃതിയിലാണ് വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. എണ്‍പതിലധികം വന്യമൃഗങ്ങള്‍ ഇവിടെയുണ്ട്. സിംഹങ്ങളാണ് അധികം. ഇനിയൊരറിയിപ്പുണ്ടാകുന്നതു സന്ദര്‍ശകര്‍ക്ക് പ്രവേശം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
Discussion about this post