അത്ഭുത ശിശു! നാല് നിലയുള്ള കെട്ടിടം തകര്‍ന്നുവീണു: 24 മണിക്കൂറിന് ശേഷവും പോറലുപോലുമേല്‍ക്കാതെ പിഞ്ചുകുഞ്ഞ്

ജോര്‍ദാന്‍: ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാവുന്ന വലിയ അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ ഉണ്ട്. നല്ല ഭാഗ്യമുള്ളവരാണ് അവരൊക്കെ. ദൈവാധീനം കൊണ്ട് മാത്രം ആയുസ്സിന് അപകടമില്ലാതെ രക്ഷപ്പെട്ടവര്‍ അത്ഭുതം തന്നെയാണ്.

അത്തരത്തില്‍ അത്ഭുതകരമായി ഒരു കുഞ്ഞിന് ജീവന്‍ തിരിച്ചുകിട്ടിയ സംഭവമാണിപ്പോള്‍ വാര്‍ത്താശ്രദ്ധ നേടുന്നത്. നാല് നിലയുള്ള കെട്ടിടം തകര്‍ന്നുവീണ് 24 മണിക്കൂറിന് ശേഷവും രക്ഷപ്പെട്ടിരിക്കുകയാണ് ഒരു പിഞ്ചുകുഞ്ഞ്. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് വലിയ ദുരന്തം അതിജീവിച്ചിരിക്കുന്നത്.

ജോര്‍ദാനിലെ അമ്മാനിലാണ് സംഭവം നടന്നത്. റെസിഡെന്‍ഷ്യല്‍ ബില്‍ഡിംഗ് ആണ് പെട്ടെന്ന് തകര്‍ന്നുവീണത്. ഈ സമയത്ത് നാല് മാസം പ്രായമായ മലാക് എന്ന പെണ്‍കുഞ്ഞിനെ അവളുടെ അമ്മ ഈ ബില്‍ഡിംഗിലുള്ള ഒരു സുഹൃത്തിനെ ഏല്‍പിച്ച് മടങ്ങിക്കഴിഞ്ഞിരുന്നു. ജോലി സംബന്ധമായി അത്യാവശ്യമായി ഒരിടം വരെ പോകണമെന്നുള്ളതിനാലായിരുന്നു മലാകിന്റെ അമ്മ അവളെ സുഹൃത്തിന്റെ കൈവശമേല്‍പിച്ചത്.

അമ്മ പോയിക്കഴിഞ്ഞ് വൈകാതെ തന്നെ അപകടം സംഭവിച്ചു. 14 പേരാണ് അപകടത്തില്‍ മരിച്ചത്. മലാകിന്റെ അമ്മയുടെ സുഹൃത്ത് ഇക്കൂട്ടത്തിലുണ്ടോയെന്നത് വ്യക്തമല്ല. എന്തായാലും അപകടം നടന്ന മുപ്പത് മണിക്കൂര്‍ പിന്നിട്ട ശേഷം രക്ഷാപ്രവര്‍ത്തകരുടെ കൈയ്യിലെത്തിച്ചേരുകയായിരുന്നു മലാക്.


പൊടിയും മണ്ണും മൂടിയ നിലയിലായിരുന്നു കുഞ്ഞിനെ ലഭിച്ചത്. എന്നാല്‍ പരുക്കുകളൊന്നും സംഭവിച്ചിരുന്നില്ല. അപകടം നടന്ന് ഇത്രയും മണിക്കൂറുകള്‍ വെള്ളം പോലുമില്ലാതെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാല്‍ മുതിര്‍ന്ന ഒരാളാണെങ്കില്‍ പോലും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് നമുക്കറിയാം. അപ്പോള്‍ ഇത്രയും ചെറിയ കുഞ്ഞ് എങ്ങനെ ഈ സാഹചര്യത്തെ അതിജീവിച്ചുവെന്നാണ് ഏവരും അന്വേഷിക്കുന്നത്.

അപകടം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും കുഞ്ഞിന്റെ വിവരമില്ലാതിരുന്നതോടെ നിരാശരാകേണ്ടിയിരുന്ന മാതാപിതാക്കളും പ്രതീക്ഷയില്‍ തന്നെയായിരുന്നു. അവള്‍ക്കൊന്നും സംഭവിച്ചിരിക്കില്ല, അവള്‍ തിരിച്ചുവരും എന്ന് എന്നോടാരോ ഉള്ളിലിരുന്ന് പറയുന്നത് പോലെ തോന്നിയെന്നാണ് അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം താന്‍ കുഞ്ഞിന്റെ അച്ഛനോടും നിരന്തരം പറഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ മലാകിനെ രക്ഷപ്പെടുത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Exit mobile version