ഇറാനിലെ കുര്‍ദിസ്ഥാനിലെ 22 കാരിയായ യുവതി മത പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രാജ്യത്ത് പ്രക്ഷോഭം ആളിപ്പടരുന്നു. മുടി മുറിച്ചും ഹിജാബ് വലിച്ചൂരി കത്തിച്ചും സ്തീരകള്‍ അടക്കമുള്ളവര്‍ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുകയാണ്.
പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതിനിധി മഹ്‌സയുടെ വീട് സന്ദര്‍ശിച്ചു.
ഹിജാബ് ശരിയായി മുടി മറയ്ക്കുന്ന രീതിയില്‍ ധരിച്ചില്ലെന്ന് ആരോപിച്ചാണ് കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന മഹ്‌സ അമിനിയെന്ന 22കാരിയെ മതകാര്യ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സെപ്റ്റംബര്‍ 13 നായിരുന്നു സംഭവം. ഇതിന് മൂന്ന് ദിവസത്തിന് ശേഷം ടെഹ്‌റാനിലെ ആശുപത്രിയില്‍ വച്ച് മഹ്‌സയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ക്രൂരമായ കസ്റ്റഡി മര്‍ദ്ദനമാണ് മഹ്‌സയുടെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. യുവതിയുടെ മൂക്ക് മുറിച്ചതായും ആരോപണമുണ്ട്.
മഹ്‌സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ 7 പ്രവിശ്യകളില്‍ പ്രതിഷേധം മൂന്നാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. ഇറാനിലെ ചില നഗരങ്ങളില്‍ പ്രതിഷേധം ഭയന്ന് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.