ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്റഫി മുര്‍ത്താസ ഇനി മുതല്‍ ജനങ്ങള്‍ക്ക് വേണ്ടി കളിക്കും..! പാര്‍ലമെന്റിലേക്ക്…

ധാക്ക: ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്റഫി മുര്‍ത്താസ ഇനി മുതല്‍ ജനങ്ങള്‍ക്ക് വേണ്ടി കളിക്കും. അദ്ദേഹം ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായിട്ടാണ് നറൈല്‍-2 മണ്ഡലത്തില്‍ നിന്ന് മുര്‍ത്താസ ജനവിധി തേടിയത്. 300 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 288 സീറ്റിലും അവാമി ലീഗാണ് ജയിച്ചത്.

അതേസമയം പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ച് നടത്തിയ തെരഞ്ഞെടുപ്പ് സ്വീകാര്യമല്ലെന്നും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ആരോപണം ഉയരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷ ഖാലിദ സിയ 10 വര്‍ഷമായി ജയിലിലാണ്.

തെരഞ്ഞെടുപ്പില്‍ വിജയിച്ച മുര്‍ത്താസ ഉടന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ അദ്ദേഹം പങ്കെടുക്കും. മുര്‍ത്താസയുടെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്റായിരിക്കും അത്.

അതേസമയം താരത്തിന്റെ പ്രതികരമാണ് ജനങ്ങള്‍ ഉറ്റുനോക്കിയത്. രാജ്യത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യം. രാഷ്ട്രീയമില്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ പങ്കാളിയായത്. ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. ലോകകപ്പ് മല്‍സരത്തിന് ശേഷം എന്താണ് തനിക്ക് വേണ്ടി കാത്തിരിക്കുന്നതെന്ന് അറിയില്ലെന്നും മുര്‍ത്താസ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version