ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോകുന്ന വഴിയില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. ഗുരതരമായ രണ്ട് സംഭവങ്ങളില്‍ നിന്നും മലയാളി അത്ഭുതകരമായി രക്ഷപ്പെട്ടു. ഷാര്‍ജയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ആശുപത്രിക്കു തൊട്ടുമുന്‍പിലായിരുന്നു കാര്‍ അപകടമെന്നതിനാല്‍ ഇദ്ദേഹത്തിനു വേഗം ചികിത്സ നല്‍കാന്‍ സാധിച്ചതായും അതുവഴി ഗുരതരമായ ഹൃദയാഘാതത്തില്‍ നിന്നു രക്ഷപ്പെട്ടതായും ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
23 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ജേക്കബ് ജോണ്‍ നെടിയമ്പത്ത്(57) ആണ് ഹൃദയാഘാതത്തില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഷാര്‍ജയിലെ എന്‍എംസി റോയല്‍ ഹോസ്പിറ്റലിനു മുന്‍പിലെ റൗണ്ടെബൗട്ടിലായിരുന്നു അപകടം.
രണ്ടു ദിവസമായി നെഞ്ചിലും തോളത്തും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആറ് മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്താറുള്ള ഡോക്ടറുടെയടുത്തേക്കു പോവുകയായിരുന്നു ജേക്കബ് ജോണ്‍. വാഹനമോടിക്കുമ്പോള്‍ ബോധരഹിതനായ ഇദ്ദേഹം റൗണ്ടെബൗട്ടിലിടിച്ചു നിന്നു.
വിവരമറിഞ്ഞ ആശുപത്രി അധികൃതര്‍ ഉടന്‍ നഴ്‌സുമാരുടെയും പരിചാരകരുടെയും ഒരു ടീമിനെ സ്‌ട്രെച്ചറുകളുമായി അയച്ചു. ജേക്കബ് ജോണ്‍ അപ്പോഴും തന്റെ കാറില്‍ അബോധാവസ്ഥയിലായിരുന്നു. പരിശോധനയില്‍ പള്‍സ് പ്രതികരിക്കുന്നില്ലെന്നു കണ്ടെത്തി, അടിയന്തര ചികിത്സ നല്‍കുകയായിരുന്നു.
ഹൃദയത്തിന്റെ 2/3 ഭാഗത്തെ ബാധിക്കുന്ന വലിയ ഹൃദയാഘാതമായിരുന്നു ഇദ്ദേഹത്തിന് സംഭവിച്ചിരുന്നത്. രണ്ടു ദിവസം മുന്‍പു ചെറിയ ശാരീരിക അസ്വസ്ഥത തോന്നിയിരുന്നതായി ജേക്കബ് ജോണ്‍ പറയുന്നു. ഇട നെഞ്ചിലും തോളിലും അസ്വസ്ഥത അനുഭവപ്പെട്ടു. കുറച്ച് ബാം പുരട്ടിയപ്പോള്‍ വേദന കുറഞ്ഞു.
അടുത്ത ദിവസം വേദന വീണ്ടും അനുഭവപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ ജനറല്‍ ഫിസിഷ്യനെ കാണാന്‍ തീരുമാനിച്ചു. ഡോക്ടറെ കാണാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. ദുബായിലെ ഒരു പബ്ലിക് യൂട്ടിലിറ്റീസ് കമ്പനിയിലാണു ജേക്കബ് ജോണ്‍ ജോലി ചെയ്യുന്നത്. സംഭവസമയത്ത് ഭാര്യ ബിന്‍സിയും രണ്ടു മക്കളും നാട്ടിലായിരുന്നു.
Discussion about this post