സിഡ്നി: എലിസബത്ത് രാജ്ഞിയുടെ ആ രഹസ്യ കത്ത് തുറക്കാന്‍ ഇനിയും 63 വര്‍ഷം കാത്തിരിക്കണം. സിഡ്നിയിലെ നിലവറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 1986 നവംബറില്‍ സിഡ്നിയിലെ ജനങ്ങള്‍ക്കായി എഴുതിയ കത്ത് ചരിത്രപ്രധാനമായ കെട്ടിടത്തിലെ നിലവറയിലാണുള്ളത്.
2085 ല്‍ മാത്രമേ കത്ത് തുറന്നു വായിക്കാന്‍ സാധിക്കുകയുള്ളൂ. കത്തില്‍ എഴുതിയിരിക്കുന്നതെന്താണെന്ന് ആര്‍ക്കും അറിയില്ല. രാജ്ഞിയോട് ഏറ്റവും അടുപ്പമുള്ളവര്‍ക്കു പോലും ഇതിനെ കുറിച്ച് അറിയില്ലെന്ന് ഓസ്ട്രേലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചില്ലു പെട്ടിയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 2085ല്‍ ഒരു നല്ല ദിവസം നോക്കി ഈ കത്ത് തുറന്ന് സിഡ്നിയിലെ ജനങ്ങളോട് ഇതിലെ സന്ദേശം കൈമാറണമെന്ന് സിഡ്നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി എഴുതിയിട്ടുണ്ട്. എലിസബത്ത് ആര് എന്നു മാത്രമാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.
16 തവണയാണ് എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ സന്ദര്‍ശിച്ചിട്ടുള്ളത്. രാജ്ഞിയുടെ ഹൃദയത്തില്‍ ഓസ്ട്രേലിയയ്ക്കു പ്രത്യേക സ്ഥാനമുണ്ടെന്ന് ഓസ്ട്രേലിയന്‍ പ്രസിഡന്റ് ആന്റണി ആല്‍ബനീസ് പറഞ്ഞു.’പതിനഞ്ചോളം തവണ എലിസബത്ത് രാജ്ഞി ഇവിടെ വന്നപ്പോഴെല്ലാം ജനാരവം തന്നെയാണ് രാജ്ഞിയെ എതിരേറ്റത്. അതില്‍ നിന്നും ഞങ്ങളുടെ മനസില്‍ രാജ്ഞിക്കുള്ള സ്ഥാനം വ്യക്തമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1999 ല്‍ സ്റ്റേറ്റിന്റെ നേതൃസ്ഥാനത്തില്‍ നിന്നും രാജ്ഞിയെ നീക്കം ചെയ്യാന്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയാണുണ്ടായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
എലിസബത്ത് രാജ്ഞിയോടുള്ള ബഹുമാന സൂചകമായി സിഡ്നിയിലെ പ്രശസ്ത ഒപ്പേറ ഹൗസ് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യമായ ന്യൂസിലാന്‍ഡ് കഴിഞ്ഞ ദിവസം ചാള്‍സ് രാജാവിനെ തങ്ങളുടെ സ്റ്റേറ്റിന്റെ തലവനായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post