ക്ലിനിക്കിലെ ശുചീകരണ തൊഴിലാളിയായി എത്തി; ചായയിലൂടെ ആരംഭിച്ച പ്രണയം; ഒടുവില്‍ ഡോക്ടറെ സ്വന്തമാക്കി ഷെഹ്‌സാദ്

കറാച്ചി: മനോഹരമായ ഒരു പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്. സമ്പത്തിന്റെ ഉയര്‍ച്ച താഴ്ചകളൊന്നും നോക്കാതെ എല്ലാ അതിര്‍ വരമ്പുകളേയും മായ്ച്ച് പ്രണയത്തിലായിരിക്കുകയാണ് ഡോക്ടറും ശുചീകരണ തൊഴിലാളിയും. പാകിസ്താനില്‍ നിന്നാണ് ഈ പ്രണയകഥ പുറംലോകത്തെത്തിയിരിക്കുന്നത്.

പാകിസ്താനിലെ ഒരു യൂട്യുബ് ചാനലായ ‘മേരാ പാകിസ്താന്‍’ ആണ് ഈ മനോഹരമായ പ്രണയകഥ ലോകത്തെ അറിയിച്ചത്. ദിപല്‍പൂരിലെ ഡോ. കിശ്വര്‍ സാഹിബയും ഷെഹ്‌സാദുമാണ് ഈ കഥയിലെ നായികയും നായകനും. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായിരിക്കുകയാണ്.

കിശ്വര്‍ സാഹിബ ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ശുചീകരണ തൊഴിലാളിയായിരന്നു ഷെഹ്‌സാദ്. ഒരിക്കല്‍ തന്റെ മുറി വൃത്തിയാക്കാന്‍ ഷെഹ്‌സാദ് എത്തിയപ്പോഴായിരുന്നു സാഹിബ ആദ്യമായി ഷെഹ്‌സാദിനെ കണ്ടത്. ക്ലിനിക്കിലുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്ക് ചായ നല്‍കിയിരുന്നതും ഷെഹ്‌സാദ് ആയിരുന്നു. അങ്ങനെ ഇരുവരും പരിചയക്കാരായി. പതിയെ ഫോണ്‍ നമ്പര്‍ വാങ്ങി. വാട്‌സ്ആപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറാനും തുടങ്ങി.

ഒരു ദിവസം സാഹിബ വാട്‌സ് അപ്പിലൂടെ ഷെഹ്‌സാദിനെ ഇഷ്ടമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഡോക്ടര്‍ തന്നെ പ്രണയിക്കുമെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുമെന്നും ഷെഹ്‌സാദ് കരുതിയിരുന്നില്ല. ആദ്യം ഇക്കാര്യം കേട്ടപ്പോള്‍ ഞെട്ടിയ ഷെഹ്‌സാദ്പനി പിടിച്ച് കിടപ്പിലാവുക പോലും ചെയ്തു.

also read- പാല്‍തു ജാന്‍വര്‍ സംവിധായകന്‍ സംഗീതിനും ചിത്രത്തിലെ നായിക ശ്രുതിക്കും പ്രണയസാഫല്യം; ലളിതമായ ചടങ്ങില്‍ വിവാഹം!

അതേസമയം, ഷെഹ്‌സാദിന്റെ വ്യക്തിത്വമാണ് തന്നെ ആകര്‍ഷിച്ചതും അത്തരത്തില്‍ ഒരാളെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സാഹിബ പറയുന്നത്. താന്‍ ഇക്കാര്യം ആലോചിച്ച് എടുത്ത തീരുമാനമാണെന്നും സാഹിബ വ്യക്തമാക്കി.

എന്നാല്‍, ഇരുവരുടേയും തീരുമാനത്തില്‍ ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായും പരിഹസിച്ചിരുന്നതായും ഇരുവരും പറയുന്നുണ്ട്. ഇതോടെ ഇരുവരും ക്ലിനിക്കില്‍ പോകുന്നത് നിര്‍ത്തി. ഇനി സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനാണ് പദ്ധതി. ഇരുവരും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് ഇരുവരും.

Exit mobile version