ആരാലും ശ്രദ്ധിക്കാനില്ലാതെ വീടുകളിൽ തനിച്ചു താമസിക്കുന്ന വയോജനങ്ങൾ എപ്പോഴും പേടി സ്വപ്നമാണ്. എന്താണ് സംഭവിക്കുന്നത്, എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്ന ആശങ്കയാണ് പലരിലും കാണുന്നത്. ഇപ്പോൾ വീടിനുള്ളിലെ ബാത്ത്റൂമിനുള്ളിൽ കുടുങ്ങിപ്പോയ ഒരു വയോധികയുടെ അവസ്ഥയാണ് പുറത്തു വരുന്നത്. മൂന്ന് ദിവസമാണ് സഹായത്തിന് ആരുമെത്താതെ 54കാരിയായ തായ്ലാന്റ് വയോധിക ബാത്റൂമിനുള്ളിൽ കുടുങ്ങിക്കിടന്നത്.
നാലു നിലകളുള്ള വീട്ടിൽ ഇവർ തനിച്ചായിരുന്നു താമസം. രാത്രി പതിവുപോലെ കുളിക്കാൻ കയറിയതായിരുന്നു. എന്നാൽ വാതിൽപ്പിടി അബദ്ധത്തിൽ കുടുങ്ങി പോവുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും ഇവർക്ക് വാതിൽ തുറക്കാൻ സാധിച്ചില്ല. ബാത്റൂമിനുള്ളിലായതിനാൽ ഫോണോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നുമില്ല.
ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു; മാനസിക പീഡനമെന്ന് ബന്ധുക്കൾ
സഹായത്തിനായി ഇവർ അലറി കരഞ്ഞെങ്കിലും പുറത്തേയ്ക്ക് ശബ്ദം ഒന്നും തന്നെ എത്തിയില്ല. ശക്തിയേറിയ സ്റ്റീൽകൊണ്ട് നിർമ്മിച്ച ഗേറ്റുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ വീട്ടുപരിസരത്തേക്ക് ആർക്കും പ്രവേശിക്കാനും സാധിച്ചില്ല. മൂന്നുദിവസമായിട്ടും സഹായത്തിന് ആരും എത്താതായതോടെ തനിക്കിനി പിടിച്ചുനിൽക്കാനാവില്ല എന്നാണ് അവർ കരുതിയത്.
താൻ മരിച്ചുപോകുമെന്നും ഉറപ്പിച്ച സ്ത്രീ ബാത്റൂമിൽ ഉണ്ടായിരുന്ന ഫേസ്ക്രീം ഉപയോഗിച്ച് ഭിത്തിയിൽ വേണ്ടപ്പെട്ടവർക്കായി ഒരു സന്ദേശവും എഴുതിവച്ചു. ഓഗസ്റ്റ് 22 ാം തീയതി ബാത്റൂമിനുള്ളിൽ കുടുങ്ങി എന്നും പുറത്തിറങ്ങാനാവാതെ ഏറെ വിഷമിച്ചു എന്നും കുറിപ്പിലുണ്ട്. ടാപ്പിലെ വെള്ളം കുടിച്ച് ജീവൻ നിലനിർത്താൻ ശ്രമിക്കുകയാണെന്നും അത് തീർന്നാൽ പിന്നീട് എന്താകുമെന്ന് അറിയില്ല എന്നും എഴുതിയിട്ടുണ്ട്. സഹായത്തിനായി അലറി വിളിച്ചിട്ടും ആരും എത്തിയില്ലെന്നും കുറിപ്പിലുണ്ട്.
എന്നാൽ സ്വന്തം മരണം ഏതാണ്ട് ഉറപ്പിച്ച സമയത്താണ് അപ്രതീക്ഷിതമായി സഹോദരി എത്തിയത്. ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയതായിരുന്നു ഇവർ. മുറ്റത്ത് കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടതോടെ സഹോദരി പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു. വീടിനു ചുറ്റുമുള്ള സുരക്ഷാപൂട്ടുകൾ തകർത്ത് അകത്തുകയറിയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
അവശയായ നിലയിൽ ഇവരെ ബാത്റൂമിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിക്കാതെ മൂന്നുദിവസം തള്ളി നീക്കിയും ഉച്ചത്തിൽ അലറി വിളിച്ചും വാതിൽ തകർക്കാൻ ശ്രമിച്ചും തളർന്ന അവസ്ഥയിലായിരുന്നു ഇവർ. ഭയന്നതിന്റെയും ആഹാരം ലഭിക്കാത്തതിന്റെയും ക്ഷീണമുണ്ടെന്നൊഴിച്ചാൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post