കുളിമുറിയുടെ ഡോര്‍ ജാമായി ഉള്ളില്‍ കുടുങ്ങി; മൂന്ന് ദിവസത്തിന് ശേഷം വീട്ടമ്മയ്ക്ക് രക്ഷ

ബാങ്കോക്ക്: വീട്ടിലെ കുളിമുറിയില്‍ കുടുങ്ങിപ്പോയ സ്ത്രീയ്ക്ക് മൂന്ന് ദിവസത്തിന് ശേഷം രക്ഷ. വാതില്‍ ജാമായതിനെ തുടര്‍ന്നാണ് സ്ത്രീ അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. അവസാനം രക്ഷപ്പെടില്ല എന്ന് തോന്നിയപ്പോള്‍ അവര്‍ ഫേസ് ക്രീം കൊണ്ട് ചുമരില്‍ യാത്രാമൊഴികള്‍ പോലും എഴുതി വച്ചിരുന്നു.

ഓഗസ്റ്റ് 22 -ന് തായ്ലന്‍ഡിലെ ബാങ്കോക്കിലുള്ള അവരുടെ വീട്ടിലാണ് സംഭവം. 54 -കാരിയായ സ്ത്രീ രാത്രി പതിവുപോലെ കുളിക്കാനായി കയറിയതാണ്. എന്നാല്‍, കുളി കഴിഞ്ഞ് നോക്കിയപ്പോള്‍ വാതില്‍ തുറക്കാനായില്ല. നാല് നിലകളുള്ള ആ ടൗണ്‍ഹൗസില്‍ അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീടിന് ചുറ്റും സുരക്ഷിതമായ സ്റ്റീല്‍ ഗേറ്റുകള്‍ നിര്‍മ്മിച്ചിരുന്നു. അതിനാല്‍ തന്നെ അവര്‍ സഹായത്തിനായി നിലവിളിച്ചത് ആരും കേട്ടില്ല.

മൂന്ന് ദിവസമായപ്പോഴേക്കും അവര്‍ അങ്ങേയറ്റം തളര്‍ന്നു പോയി. ഇനി അവിടെ നിന്നും ഒരു രക്ഷപ്പെടലില്ല എന്ന് തോന്നിയ അവര്‍ കുളിമുറിയുടെ ചുമരില്‍ ഒരു യാത്രാ കുറിപ്പ് എഴുതി വച്ചു. ‘ഞാന്‍ 22 -ാം തീയ്യതി ഇവിടെ കുടുങ്ങിയതാണ്. പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഞാന്‍ ടാപ്പിലെ വെള്ളം കുടിച്ചാണ് അതിജീവിക്കുന്നത്. അത് തീര്‍ന്നു കഴിഞ്ഞാല്‍ ഞാന്‍ മരിക്കുമായിരിക്കും. ഞാന്‍ സഹായത്തിന് വേണ്ടി ഒരുപാട് നിലവിളിച്ചു. ആരും കേട്ടില്ല. അതിനാല്‍ തന്നെ ആരും വന്നുമില്ല’ എന്നാണ് അവര്‍ എഴുതിയിരുന്നത്.

മൂന്നു ദിവസമായി അവരുടെ വിവരമൊന്നും അറിയാത്തതിനാലും വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാലും അവരുടെ സഹോദരി ആകെ ഭയന്നു പോയി. അവരാണ് പോലീസില്‍ അവരെ കാണാനില്ല എന്ന വിവരം അറിയിച്ചത്. ‘ഞാന്‍ കുറേ ഫോണ്‍ വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. അവളുടെ കാറാണെങ്കില്‍ വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നു. അതിനാല്‍, അവള്‍ വീടിനകത്ത് തന്നെ ഉണ്ട് എന്ന് തോന്നി. അവള്‍ക്കെന്തെങ്കിലും സംഭവിച്ചോ എന്നാണ് ഞാന്‍ ഭയന്നത്’ എന്ന് സഹോദരി പറഞ്ഞു.

പോലീസ് വീടിന്റെ ഗേറ്റും കതകും പൊളിച്ചാണ് അകത്ത് കടന്നത്. അവസാനമാണ് അവരെ കുളിമുറിക്കകത്ത് കണ്ടെത്തിയത്. ഭക്ഷണമില്ലാതെ വെറും ടാപ്പ് വെള്ളം കുടിച്ചാണ് അവര്‍ മൂന്ന് ദിവസം കഴിഞ്ഞത്. അതിനിടെ പലതവണ അവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

അതോടെ അവരാകെ തളര്‍ന്നിരുന്നു. ‘റൂമിലുള്ള പല വസ്തുക്കളും ഉപയോഗിച്ചും താന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. ഉറക്കെ ഉറക്കെ സഹായത്തിന് വേണ്ടി കരഞ്ഞിരുന്നു. പക്ഷേ, ആരും കേട്ടില്ല’ എന്ന് അവര്‍ പറയുന്നു.

Exit mobile version