മെക്‌സിക്കോ: ഡോക്ടർമാർ മരണം സ്ഥിരീകരിച്ച മൂന്നുവയസുകാരി ശവസംസ്‌കാര ചടങ്ങിനിടെ കണ്ണ് തുറന്നു. മെക്‌സിക്കോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കടുത്തവയറുവേദന, പനി, ഛർദി എന്നിവയെ തുടർന്ന് കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവിടെ നിന്ന് കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുന്നതിനൊപ്പം തന്നെ പാരസെറ്റാമോൾ നൽകാനും ഡോക്ടർ നിർദേശിച്ചു. മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം മറ്റൊരു മരുന്ന് നിർദേശിക്കുകയും ഇത് കുഞ്ഞിനു നൽകുകയും ചെയ്തു. അതേസമയം, കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല.
കുഞ്ഞിന് ഓക്‌സിജൻ മാസ്‌ക് നൽകുന്നതിൽ ആശുപത്രി അധികൃതകർ സമയമെടുത്തതായും കുട്ടിയുടെ കുടുംബം ആരോപിച്ചു. ഓക്‌സിജൻ മാസ്‌ക് വച്ച് പത്തുമിനിറ്റിനു ശേഷം ഡോക്ടർമാർ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. നിർജലീകരണമായിരുന്നു കുഞ്ഞിന്റെ മരണകാരണമായി ആശുപത്രി അധികൃതർ അറിയിച്ചത്.
ശേഷം, കുട്ടിയുടെ സംസ്‌കാര ചടങ്ങിനിടെ ശവപ്പെട്ടിക്ക് മുകളിലുള്ള ഗ്ലാസ് പാനലിലൂടെ എന്തോ അനക്കം ഉള്ളതായി തനിക്കു തോന്നിയിരുന്നതായി പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലെന്നും കുഞ്ഞിന്റെ അമ്മ പറയുന്നു.
എന്നാൽ പിന്നീട് കുട്ടിയുടെ മുത്തശ്ശി അവളുടെ കണ്ണുകൾ അനങ്ങുന്നതായി കണ്ടു. ഉടനടി, കുട്ടിയെയും വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.