ലോകത്തെ പല രാജ്യങ്ങളിലും മങ്കിപോക്‌സ് വ്യാപിക്കുകയാണ്. അതീവ ജാഗ്രതയോടെയാണ് ലോകം മുൻപോട്ട് നീങ്ങുന്നത്. ലോകത്തെ ഒന്നടങ്കം ദുരിതത്തിലായ കൊവിഡ് വ്യാപനവും ഒരിടവേളയ്ക്ക് ശേഷം പലയിടത്തും വീണ്ടും വർധിക്കുകയാണ്. ഇപ്പോഴിതാ കോവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരേസമയം യുവാവിൽ സ്ഥിരീകരിച്ചുവെന്ന വാർത്തയാണ് ഞെട്ടിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള മുപ്പത്തിയാറുകാരനാണ് മൂന്നുരോഗവും ഒരേസമയം സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ ഇതാദ്യ സംഭവം കൂടിയാണ്.
പേരുവെളിപ്പെടുത്താത്ത വ്യക്തി സ്‌പെയിനിൽ അഞ്ചുദിവസത്തെ യാത്ര കഴിഞ്ഞു വന്നതിന്റെ 9-ാം ദിവസമാണ് യുവാവിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പനിയും തൊണ്ടവേദനയും തലവേദനയും ക്ഷീണവുമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നാലെ ചർമത്തിലും ശരീരത്തിലെ മറ്റുപലഭാഗങ്ങളിലും ചൊറിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു. ലക്ഷണങ്ങൾ തീവ്രമായതോടെ ആശുപത്രിയിലെത്തുകയായിരുന്നു.
മലദ്വാരത്തിന്റെ ഭാഗത്തിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കാണപ്പെട്ടു. കരളിന്റെയും പ്ലീഹയുടെയും വികാസവും കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. വൈകാതെ എച്ച്.ഐ.വി പോസിറ്റീവാണെന്ന റിസൽട്ടും വന്നു. ഇതോടൊപ്പം ഒമിക്രോൺ വകഭേദമായ BA.5.1 ഉം സ്ഥിരീകരിച്ചു. അതേസമയം, യുവാവ് സൈഫർ വാക്‌സിൻ ഇരുഡോസുകളും സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഒരാഴ്ച്ചത്തെ ആശുപത്രിവാസത്തിനു പിന്നാലെ ഇദ്ദേഹം വീട്ടിലെത്തുകയും ചെയ്തു. നിലവിൽ കോവിഡ്, മങ്കിപോക്‌സ് എന്നീ രോഗങ്ങളിൽ നിന്നും മുക്തനായെന്നും എയ്ഡിസിനുള്ള ചികിത്സ പുരോഗമിക്കുകയാണെന്നുമാണ് ലഭിക്കുന്ന വിവരം.