കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്
‘ന്നാ താന്‍ കേസ് കൊട്’. റിലീസ് ദിനത്തിലെ പോസ്റ്ററിലെ കുഴിയായിരുന്നു ഹിറ്റായത്. രാഷ്ട്രീയ ആയുധമാക്കാനിറങ്ങിയവര്‍ക്ക് ബോക്‌സ് ഓഫീസ് കലക്ഷന്‍ കൊണ്ടാണ് സിനിമാപ്രേമികള്‍ മറുപടി നല്‍കിയത്.
ന്നാ താന്‍ കേസ് കൊട് റിലീസ് ദിനത്തില്‍ കേരളത്തിലെ പത്രങ്ങളില്‍ വന്ന പോസ്റ്ററിലെ പരസ്യവാചകം ‘തിയറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നായിരുന്നു.
‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പുതിയ പോസ്റ്ററിലും കൗതുകമായിരിക്കുകയാണ് ‘വഴി’യും ‘കുഴി’യും. യുകെ – അയര്‍ലണ്ട് റിലീസ് പ്രഖ്യാപിച്ചുള്ള സിനിമയുടെ പോസ്റ്ററിന്റെ പരസ്യവാചകം ‘തിയറ്ററിലേക്കുള്ള വഴിയില്‍ കുഴിയില്ല’ എന്നാണ്.
ഓഗസ്റ്റ് 19 വെള്ളിയാഴ്ച മുതലാണ് ചിത്രം യു.കെയിലും അയര്‍ലന്‍ഡിലും റിലീസ് ചെയ്യുന്നത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട് എന്നാണ് പോസ്റ്ററിനൊപ്പം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.
പോസ്റ്ററിലെ വാചകങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ ഉദ്ദേശിച്ചല്ല എന്നായിരുന്നു സംവിധായകനും കുഞ്ചാക്കോ ബോബനും പറഞ്ഞത്. എന്നിരുന്നാലും ചിത്രം മികച്ച അഭിപ്രായത്തോടെ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്നം, കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധരണക്കാരനെ ബാധിക്കും എന്നത് തമാശ രൂപേണയും പരിഹാസ രൂപേണയും പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ഈ സിനിമ. കോവിഡിന് മുമ്പുള്ള കാലഘട്ടം മുതല്‍ കോവിഡ് കാലഘട്ടം അടക്കമുള്ള സമയത്തിലൂടെയാണ് സിനിമ കടന്നു പോകുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ നടന്ന ഒരു സംഭവമാണ്. അതിനെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെ വന്നാല്‍ തമിഴ്നാട്ടിലെ സര്‍ക്കാരിനെതിരാണ് സിനിമ എന്ന് പോലും പറയേണ്ടി വരുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.