കലിഫോർണിയ: എ1 കോംബാറ്റ് മിക്സഡ് മാർഷ്യൽ ആർട്സ്(എംഎംഎ) ടൂർണമെന്റിനിടെ ഇടിയേറ്റ് ഫൈറ്ററുടെ മൂക്ക് വളഞ്ഞു. യുഎസിലെ ഹവായിയിൽ നിന്നുള്ള എംഎംഎ ഫൈറ്റർ ബ്ലേക് പെറിയ്ക്കാണ് മാരകമായി പരിക്കേറ്റത്. ആദ്യ റൗണ്ടിലാണ് പരിക്കേറ്റത്. എതിരാളി മാർസൽ മക് കെയ്നിന്റെ കാൽ മുട്ട് കൊണ്ടുള്ള അതിശക്തമായ ഇടിയിലാണ് ബ്ലേക്കിന്റെ മൂക്ക് വളഞ്ഞത്.
എന്നാൽ കാഴ്ചക്കാരെ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് 27കാരനായ ബ്ലേക്ക് ആദ്യ റൗണ്ട് പൂർത്തിയാക്കി. കാണികളെയും ടൂർണമെന്റ് അധികൃതരെയും ഭയപ്പെടുത്തിയ പരിക്കുമായി രണ്ടാം റൗണ്ട് മത്സരത്തിനും ബ്ലേക്ക് ചാടി എഴുന്നേറ്റു. എന്നാൽ ഡോക്ടറും റഫറിയും എതിർത്തതോടെ ഇയാൾക്ക് രണ്ടാം റൗണ്ട് പൂർത്തിയാക്കാൻ സാധിച്ചില്ല.
മത്സരം തുടരാൻ അനുവദിക്കണമെന്ന് ഡോക്ടറോടും റഫറിയോടും ബ്ലേക്ക് കൈകൂപ്പി അഭ്യർഥിച്ചുവെങ്കിലും സമ്മതം നൽകിയില്ല. തുടർന്ന് രണ്ടാം റൗണ്ടിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും മത്സരം തുടരാൻ ബ്ലേക്ക് കാണിച്ച പോരാട്ടവീര്യത്തെ എ1 കോംബാറ്റ് കമന്റേറ്റർമാർ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു. മത്സരശേഷം ബ്ലേക്കിന്റെ മൂക്ക് അനസ്തീസ്യ നൽകാതെ തന്നെ ഡോക്ടർ നേരെയാക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.