പനാമ: സ്പെയിനിൽ നിന്ന് പനാമയിലെ അറ്റ്ലാന്റിക്കോ തുറമുഖത്തെത്തി ഷിപ്പിംഗ് കണ്ടെയ്നർ തുറന്നപ്പോൾ കണ്ടത് നായ കുട്ടിയെ. 40 ദിവസത്തോളം ഭക്ഷണവും വെള്ളവും ഇല്ലാതെ കണ്ടെയ്നറിൽ കുടുങ്ങിയതായിരുന്നു നായക്കുട്ടി. ഏകദേശം ഒരു വയസ്സ് പ്രായമുള്ള നായയുടെ ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു. പുറത്ത് കൊണ്ടുവരുമ്പോൾ നാല് കിലോ മാത്രമായിരുന്നു ഭാരം.
മാസങ്ങൾ നീണ്ടുനിന്ന പരിശീലനത്തിന് ശേഷം മിലി എന്ന നായയെ ഇപ്പോൾ മിഡ കാർഷിക വികസന മന്ത്രാലയത്തിന്റെ ഭാഗമായിരിക്കുകയാണ്. ‘മിലി എങ്ങനെ കണ്ടെയ്നറിനകത്ത് കടന്നെന്ന് അറിയില്ല. 40 ദിവസത്തോളം വെള്ളവും ഭക്ഷണവുമില്ലാതെ എങ്ങനെയാണ് ഒരു നായ ജീവിതത്തോട് പോരാടിയതെന്ന് മനസിലാകുന്നില്ല. നായയെ കണ്ടെത്തിയപ്പോൾ അവൾക്ക് നാല് കിലോ ഭാരം മാത്രമാണ് ഉണ്ടായിരുന്നതെന്ന്’ മന്ത്രാലയത്തിലെ മൃഗസംരക്ഷണ ദേശീയ ഡയറക്ടർ സിസിലിയ ഡി എസ്കോബാർ പറയുന്നു.
‘കണ്ടെയ്നറിനുള്ളിൽ ഉണ്ടായിരുന്ന പാത്രം തുളച്ചാവും വെള്ളം കൂടിച്ചത്. അല്ലെങ്കിൽ ചിലപ്പോൾ സ്വന്തം മൂത്രം കുടിച്ചാവും ജീവൻ നിലനിർത്തിയത്. ഈ നായ ഒരു അത്ഭുതജീവിയാണ്. അതുകൊണ്ടാണ് ഇത്രയും നാൾ നായക്ക് ജീവിക്കാൻ കഴിഞ്ഞത്. ഈ കാരണം കൊണ്ടാണ് അത്ഭുതങ്ങൾ എന്ന് അർത്ഥം വരുന്ന മിലി എന്ന പേര് നായക്ക് ഇട്ടതെന്ന്’ എസ്കോബാർ കൂട്ടിച്ചേർത്തു.
ഇപ്പോൾ പൂർണമായി സുഖം പ്രാപിച്ച മിലിക്ക് 27 പൗണ്ട് ഭാരമുണ്ട്. കണ്ടെയ്നറിൽ നിന്ന് കണ്ടെത്തിയ ശേഷം പഴങ്ങളും പച്ചക്കറികളും നൽകി മന്ത്രാലയത്തിന്റെ നായ്ക്കളുടെ യൂണിറ്റിൽ മിലിക്ക് കാർഷിക വികസന മന്ത്രാലയം പരിശീലനം നൽകുകയും ചെയ്തു. ഇപ്പോൾ പ്രാദേശിക കൃഷിയെ നശിപ്പിക്കാൻ കഴിയുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്താനുള്ള പരിശീലനത്തിലാണ് മിലി.
Discussion about this post