നാല് വർഷം കാത്തിരുന്ന പ്രണയവിവാഹം മുടക്കി അമ്മായിയമ്മ. ടുണീഷ്യയിലാണ് സംഭവം. അമ്മായിയമ്മ വിവാഹം മുടക്കിയതാകട്ടെ നിറത്തിന്റെയും ഉയരത്തിന്റെയും പേരിലും. തന്റെ നാല് വർഷത്തെ പ്രണയം പൂവണിയാൻ പോകുന്ന സന്തോഷത്തിലായിരുന്നു ലാമിയ അൽ-ലബാവി. അന്ന് അവളുടെ വിവാഹമായിരുന്നു.
ലക്ഷങ്ങൾ ചിലവിട്ട് അവൾ തന്റെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തി. വെളുത്ത വസ്ത്രം ധരിച്ച് സുന്ദരിയായി അവൾ വരന്റെ സമീപം വന്ന് നിന്നു. ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അവൾക്ക് അത്. എന്നാൽ, ഈ സന്തോഷം നിമിഷ നേരംകൊണ്ടാണ് കണ്ണീരിൽ കുതിർന്നത്. മകൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനെ അമ്മ ആദ്യമായി കണ്ടതും വിവാഹ വേദിയിൽ വെച്ച് തന്നെയായിരുന്നു.
വരൻ വധുവിന്റെ കഴുത്തിൽ താലി അണിയിക്കാൻ ഒരുങ്ങവെയാണ് അമ്മായിയമ്മ എതിർപ്പുമായി രംഗത്ത് വന്നത്. അതിഥികൾ, നോക്കി നിൽക്കെ വിവാഹത്തിൽ നിന്ന് പിന്മാറാൻ അവർ മകനോട് ആവശ്യപ്പെട്ടു. എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കാതെ ആളുകൾ ആശയക്കുഴപ്പത്തിലായി. ‘ഇവൾക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല,’ എല്ലാവരും നോക്കി നിൽക്കെ അമ്മായി അമ്മ ഉറക്കെ പറഞ്ഞു.
തന്റെ മകനെ വിവാഹം ചെയ്യാൻ അവൾ യോഗ്യയല്ലെന്നും അമ്മായമ്മ പറഞ്ഞു. ഇതോടെ വധു സങ്കട കടലിലായി. എന്നാൽ ഇതെല്ലാം കണ്ടും കേട്ടും നിന്ന വരൻ ഒരുക്ഷരം പോലും സംസാരിക്കാതെ ഇരുന്നത് അതിഥികളിലും അമ്പരപ്പുളവാക്കി. പലരും അയാളോട് അവളെ ഉപേക്ഷിക്കരുത് എന്ന് അപേക്ഷിച്ചുവെങ്കിലും അയാൾ ചെവികൊണ്ടില്ല. അയാൾ അമ്മയുടെ ഭാഗം ചേർന്ന് അവളെ ഉപേക്ഷിക്കാൻ തയ്യാറായി. വിവാഹം മുടക്കി വരൻ തന്റെ അമ്മയ്‌ക്കൊപ്പം പോവുകയും ചെയ്തു.