ലണ്ടന്‍: ഓസ്‌കാര്‍ അവാര്‍ഡ് വിതരണത്തിനിടെ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ ക്രിസിനോടും അമ്മയോടും മാപ്പ് പറഞ്ഞ്
വില്‍ സ്മിത്ത്.
താന്‍ ചെയ്ത പ്രവര്‍ത്തി എന്ത് കാരണത്താലായാലും ന്യായീകരണം അര്‍ഹിക്കുന്നില്ല. പല തവണ ക്രിസ് റോക്കിനെ ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. അദ്ദേഹം തന്നോട് സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ അദ്ദേഹത്തോട് താന്‍ ക്ഷമ ചോദിക്കും എന്നും വില്‍ സ്മിത്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
‘ഞാന്‍ പല തവണ ക്രിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്റെ സന്ദേശങ്ങളെല്ലാം തിരികെ വന്നു. അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറല്ല എന്ന് മനസ്സിലായി. അദ്ദേഹം തയ്യാറാകുമ്പോള്‍ ഞാന്‍ പറയും, ക്രിസ്, ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു എന്ന്. എന്റെ പെരുമാറ്റം അസ്വീകാര്യമായിരുന്നു, നിങ്ങള്‍ സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ഞാന്‍ ഇവിടെയുണ്ടാകും’, വില്‍ സ്മിത്ത് പറഞ്ഞു.
താന്‍ ക്രിസ് റോക്കിന്റെ അമ്മയോടും മാപ്പ് പറയുന്നതായും സ്മിത്ത് അറിയിച്ചു. ‘എനിക്ക് ക്രിസിന്റെ അമ്മയോട് മാപ്പ് പറയണം. അവരുടെ ഒരു അഭിമുഖം ഞാന്‍ കണ്ടു. ആ നിമിഷം എത്ര പേര്‍ വേദനിച്ചു. എനിക്ക് ക്രിസിന്റെ അമ്മയോട് മാപ്പ് പറയണം, ക്രിസിന്റെ കുടുംബത്തോട്, പ്രത്യേകിച്ച് ടോണി റോക്കിനോട് മാപ്പ് പറയണം. ഞങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു’, നടന്‍ വ്യക്തമാക്കി.
‘ഇത് ഒരുപക്ഷേ പരിഹരിക്കാനാകാത്തതാണ്. ആ നിമിഷത്തില്‍ സംഭവിച്ചത് വീണ്ടും പ്ലേ ചെയ്യാനും മനസ്സിലാക്കാനും ഞാന്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ ചെലവഴിച്ചു. ഞാന്‍ ഇപ്പോള്‍ അതെല്ലാം അഴിച്ചുവെക്കാന്‍ പോകുന്നില്ല, എന്നാല്‍ നിങ്ങളോടെല്ലാവരോടും എനിക്ക് പറയാന്‍ കഴിയും, ആ നിമിഷത്തില്‍ പെരുമാറേണ്ട ശരിയായ രീതി ഇതായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല’ എന്നും വില്‍ സ്മിത്ത് പറഞ്ഞു. തന്റെ ഭാര്യയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങില്‍ തന്റെ ഭാര്യയെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. ഭാര്യ ജെയ്ഡ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.
‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. തുടര്‍ന്ന് ഓസ്‌കാര്‍ ചടങ്ങില്‍ നിന്നും മുഴുവന്‍ പരിപാടികളില്‍ നിന്നും നടനെ പത്ത് വര്‍ഷത്തേക്ക് അക്കാദമി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് വിലക്കുകയും ചെയ്തു.