കാബൂള്‍ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൊച്ചു കുട്ടികളെയുള്‍പ്പടെ ഇഷ്ടിക ഫാക്ടറികളില്‍ ജോലിക്കയച്ച് താലിബാന്‍. 170 കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും കുട്ടികളെയും ഇഷ്ടിക കളങ്ങളില്‍ കഠിന ജോലി ചെയ്യാന്‍ ഭരണകൂടം നിര്‍ബന്ധിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണം കണ്ടെത്തുന്നതിനായി കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണെന്നാണ് വിവരം. 9 വയസ്സുള്ള കുട്ടികള്‍ വരെ ഇഷ്ടിക ഫാക്ടറികളില്‍ തുച്ഛ ശമ്പളത്തില്‍ പണിയെടുക്കുന്നുണ്ട്. ഇത്രയും പേര്‍ക്ക് ജോലി നല്‍കാന്‍ മിക്ക ഫാക്ടറികളിലും സൗകര്യമില്ലെങ്കിലും എല്ലാവര്‍ക്കും നിര്‍ബന്ധമായും തൊഴില്‍ നല്‍കണമെന്നാണ് താലിബാന്റെ ഉത്തരവ്.
താലിബാന്‍ ഭരണത്തില്‍ വന്ന ശേഷം പൂട്ടിപ്പോയ തൊഴില്‍ സംരംഭങ്ങളില്‍ ജോലി ചെയ്തിരുന്നവരെല്ലാമാണ് ഇഷ്ടിക ഫാക്ടറികളില്‍ പണിയെടുക്കുന്നത്. ഏകദേശം 9 ലക്ഷത്തോളം ആളുകള്‍ക്ക് താലിബാന്റെ വരവോടെ ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.
നാല്പ്പതിലധികം വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിന്റെയും കാലാകാലങ്ങളായുള്ള വരള്‍ച്ചയുടെയും കോവിഡിന്റെ ഫലമായി തകര്‍ന്നടിഞ്ഞ നിലയിലായിരുന്നു അഫ്ഗാന്റെ സാമ്പത്തിക മേഖല. താലിബാന്‍ ഭരണത്തിലേറിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹം അഫ്ഗാന് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം മരവിപ്പിച്ചതോടെ നില കൂടുതല്‍ വഷളായി. നിലവില്‍ തൊഴിലില്ലായ്മയും പട്ടിണിയും മൂലം നട്ടം തിരിയുകയാണ് രാജ്യം.
Discussion about this post