ബീജിങ്: സിനിമാ കഥകളെ വെല്ലുന്ന രീതിയിൽ മോഷ്ടാവിനെ പിടികൂടിയ ചൈനീസ് പോലീസ് ആണ് ഇന്ന് സോഷ്യൽമീഡിയയെ താരമാകുന്നത്. കാരണമാകട്ടെ വീട്ടിൽ കയറി മോഷണം നടത്തിയ കള്ളനെ പിടിച്ചതും. മോഷണവും കള്ളനെ പിടിക്കുന്നതും സാധാരണമായി കാണുന്നതല്ലേ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. എന്നാൽ ഇവിടെ കള്ളനെ പിടിച്ച രീതിയാണ് ഞെട്ടിച്ചിരിക്കുന്നത്.
ചത്ത കൊതുകിന്റെ രക്തത്തിൽ നിന്നുള്ള ഡി.എൻ.എ ഉപയോഗിച്ചാണ് ചൈനീസ് പോലീസ് മോഷ്ടാവിനെ പിടികൂടിയത്. മോഷണം നടന്ന വീട്ടിൽ നിന്നും ചത്ത കൊതുകുകളെ പോലീസ് കണ്ടെത്തിയിരുന്നു. ഇവയെ മോഷ്ടാവ് കൊന്നതായിരുന്നു. ലിവിങ് റൂമിന്റെ ചുമരിലാണ് രണ്ട് ചത്ത കൊതുകുകളെയും അതിന് സമീപത്തായി രക്തക്കറയും കണ്ടെത്തിയത്.
കൊതുകിനെ അടിച്ചുകൊന്നപ്പോൾ തെറിച്ച ഈ രക്തത്തുള്ളികൾ പൊലീസ് ടെസ്റ്റ് ചെയ്തതോടെയാണ് മോഷ്ടാവ് ചൈനീസ് പോലീസിന്റെ പിടിയിലായത്. കണ്ടെത്തിയ, രക്തസാമ്പിളുകൾ പൊലീസ് ശ്രദ്ധാപൂർവ്വം ചുമരിൽ നിന്ന് വേർതിരിച്ചെടുക്കുകയും ഡി.എൻ.എ പരിശോധനക്ക് അയക്കുകയുമായിരുന്നു.
ഇതേത്തുടർന്നാണ് ചായ് എന്ന കുടുംബപ്പേരുള്ള, ക്രിമിനൽ റെക്കോഡുള്ള പ്രതിയുടേതാണ് ആ ഡി.എൻ.എ സാമ്പിളുകൾ എന്ന് പൊലീസ് സ്ഥിരീകരിച്ചത്. മോഷ്ടാവ് കൊതുകുതിരികൾ ഉപയോഗിച്ചിരുന്നതായും രാത്രി മുഴുവൻ ആ വീട്ടിൽ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്. ജൂൺ 11ന് ഫുജിയാൻ പ്രവിശ്യയിലെ ഫുഷൂവിലായിരുന്നു മോഷണം നടന്നത്. സംഭവം നടന്ന് 19 ദിവസത്തിന് ശേഷമാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്ക് നേരത്തെ നടന്ന മറ്റ് മൂന്ന് മോഷണക്കേസുകളുമായും ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post