രണ്ട് മിനിറ്റില്‍ ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് കുടിച്ചു; യുവാവിന് ദാരുണാന്ത്യം

രണ്ട് മിനിറ്റില്‍ ഒരു കുപ്പി മദ്യം മുഴുവന്‍ അകത്താക്കിയ യുവാവിന് ദാരുണാന്ത്യം.
യേഗര്‍ മൈസ്റ്ററിന്റെ ഒരു കുപ്പി മദ്യം മുഴുവന്‍ ഒറ്റയ്ക്ക് കുടിച്ച യുവാവാണ് മരിച്ചത്.
രണ്ട് മിനിറ്റില്‍ ദക്ഷിണാഫ്രിക്കയിലെ ലിംപോപോയില്‍ നടന്ന മദ്യപാന മത്സരത്തിലാണ് സംഭവം.35 ശതമാനം സ്പിരിറ്റാണ് യുവാവിന്റെയുള്ളില്‍ എത്തിയത്. കുപ്പിയിലെ മുഴുവന്‍ മദ്യവും കുടിച്ച് കഴിഞ്ഞ ഉടന്‍ തന്നെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഷംബെയിലെ ഒരു മദ്യവില്‍പന ശാലയിലായിരുന്നു മദ്യപാന മത്സരം നടന്നത്. ഒരു കുപ്പി യേഗര്‍ മൈസ്റ്റര്‍ ഏറ്റവും വേഗത്തില്‍ കുടിക്കുകയെന്നതായിരുന്നു മത്സരം. 200 റാന്‍ഡ് (ഏകദേശം 937 രൂപ) ആയിരുന്നു സമ്മാന തുക പ്രഖ്യാപിച്ചിരുന്നത്.

ഒരു മണിക്കൂറില്‍ ഒരാളുടെ ശരീരത്തിന് വെറും ഒരു യൂണിറ്റ് (10 മില്ലി ലിറ്റര്‍) മദ്യം മാത്രമാണ് പ്രൊസസ് ചെയ്യാനാകുന്നത്. ചിലരില്‍ ഇത് കുറവായിരിക്കുമെന്നും ആല്‍ക്കഹോള്‍ എജ്യുക്കേഷന്‍ ചാരിറ്റി ഡ്രിങ്കവെയറിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് എലൈന്‍ ഹിന്‍ഡാല്‍ പറയുന്നു.


കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായി മദ്യം ഉള്ളില്‍ ചെല്ലുന്നത് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടയും. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നതിനെതിരെ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചയില്‍ ഒരാള്‍ കഴിക്കുന്ന കലര്‍പ്പില്ലാത്ത മദ്യത്തിന്റെ അളവ് 14 യൂണിറ്റില്‍ കവിയരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.

Exit mobile version