ശ്രീലങ്ക ആഭ്യന്തര കലാപം രൂക്ഷം: പ്രധാനമന്ത്രിയുടെ വസതിയ്ക്ക് തീയിട്ടു,വിക്രമസിംഗെ രാജിവെച്ചു

കൊളംബോ: ആഭ്യന്തര കലാപം തുടരുന്നതിനിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവെച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.
‘എല്ലാ പൗരന്മാരുടെയും സുരക്ഷ ഉള്‍പ്പെടെ സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും, ഒരു സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കാനുള്ള പാര്‍ട്ടി നേതാക്കളുടെ ഏറ്റവും മികച്ച ശുപാര്‍ശ ഞാന്‍ അംഗീകരിക്കുന്നു.’ എന്ന് രാജിവെച്ചതിന് ശേഷം റെനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു. രാത്രി വൈകിയും പിരിഞ്ഞുപോകാതെ നിലയുറപ്പിച്ച പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ സ്വകാര്യവസതിക്ക് തീവച്ചതോടെ അക്രമത്തിലേക്ക് വഴിമാറുമെന്ന ആശങ്ക ശക്തമായി.

സര്‍വ്വകക്ഷി യോഗത്തിന് ശേഷമാണ് റെനില്‍ വിക്രമസിംഗെ രാജി വെച്ചത്. പക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ റെനില്‍ വിക്രമസിംഗെ സ്പീക്കറുടെ വസതിയില്‍ അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജിയാവശ്യപ്പെട്ടിരുന്നു. ശ്രീലങ്കന്‍ ഭരണഘടനയനുസരിച്ച് താല്‍ക്കാലിക പ്രസിഡന്റായി സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന ചുമതലയേല്‍ക്കും.

പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കാന്‍ പോലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മഹീന്ദ രജപക്‌സെക്ക് ശേഷം വന്ന ഗൊതബായ രജപക്‌സെയും പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഗൊതബായ രജപക്‌സെ നാവികസേനയുടെ കപ്പലില്‍ രക്ഷപ്പെട്ടതായുളള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് സംഘടിച്ചെത്തിയ പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തു. ബഹുജനപ്രക്ഷോഭം മുന്നില്‍ക്കണ്ട് വസതിവിട്ടിറങ്ങിയ പ്രസിഡന്റ് എവിടെയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അന്ന് രജപക്സെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റെനില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയായിരുന്നു.

1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനാണ് റനില്‍ വിക്രമസിംഗെ. മുന്‍പ് 4 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. എഴുപതുകളില്‍ രാഷ്ട്രീയത്തിലിറങ്ങിയ റനില്‍ 1977ല്‍ ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Exit mobile version