‘ചരിത്രസ്മാരകം’ : സ്ഥാപകന്‍ മുല്ല ഒമറിന്റെ കാര്‍ കുഴിച്ചെടുത്ത് താലിബാന്‍, മ്യൂസിയത്തില്‍ സൂക്ഷിക്കും

Taliban | Bignewslive

കാണ്ഡഹാര്‍ : സംഘടനാ സ്ഥാപകന്‍ മുല്ല ഒമറിന്റെ കാര്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം കുഴിച്ചെടുത്ത് താലിബാന്‍. സാബുള്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ കുഴിച്ചിട്ടിരുന്ന കാര്‍ ചരിത്രപ്രാധാന്യമുള്ള വസ്തുവായാണ് താലിബാന്‍ കണക്കാക്കുന്നത്. ഇത് കാബൂള്‍ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനം.

9/11 ആക്രമണത്തെത്തുടര്‍ന്ന് ഒളിവില്‍ പോകാനായി ഒമര്‍ ഉപയോഗിച്ച ടൊയോട്ട കൊറോള കാറാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം താലിബാന്‍ പുറത്തെടുത്തത്. വാഹനം ഒളിപ്പിച്ച താലിബാന്‍ നേതാവ് അബ്ദുല്‍ ജബ്ബാര്‍ ഒമാറി തന്നെയാണ് ഇത് പുറത്തെടുക്കാനും നിര്‍ദേശിച്ചത്.

യുഎസ് സൈന്യം മുല്ല ഒമറിന്റെ വാഹനം പിടിച്ചെടുക്കുന്നത് തടയാനാണ് ഇത് കുഴിച്ചിട്ടതെന്നാണ് താലിബാന്റെ വിശദീകരണം. വാഹനം കുഴിച്ചെടുക്കുന്ന ദൃശ്യം താലിബാന്‍ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. മുന്‍വശത്ത് കുറച്ച് കേടുപാടുകളുണ്ടായിട്ടുണ്ടെങ്കിലും കാറിന് കാര്യമായ തകരാറുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

കാണ്ഡഹാര്‍ ആസ്ഥാനമാക്കി താലിബാന് രൂപം നല്‍കിയ മുല്ല ഒമറാണ് 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ചത്. ഒസാമ ബിന്‍ ലാദനും അല്‍ഖ്വായിദയുമൊക്കെ അഫ്ഗാനില്‍ സ്ഥാനമുറപ്പിക്കുന്നതും ഇക്കാലത്താണ്. വേള്‍ഡ് ട്രേഡ് സെന്ററിലെ ആക്രമണത്തോടെ അഫ്ഗാനെ ലക്ഷ്യമിട്ട യുഎസ് ലാദനെ വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും താലിബാന്‍ വഴങ്ങിയില്ല. ഇതോടെ അമേരിക്ക അഫ്ഗാനില്‍ യുദ്ധം തുടങ്ങുകയും താലിബാനില്‍ നിന്ന് അഫ്ഗാന്റെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

Also read : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആന ട്രിസിയ ചരിഞ്ഞു

യുഎസ് സൈന്യത്തിന്റെ പിടിയലകപ്പെടാതെ കാണ്ഡഹാര്‍ വിടാന്‍ മുല്ല ഒമര്‍ തിരഞ്ഞെടുത്ത കാറാണ് താലിബാന്‍ ചരിത്രപ്രധാനിയായി കണക്കാക്കി മ്യൂസിയത്തില്‍ സൂക്ഷിക്കാനൊരുങ്ങുന്നത്. 2013ല്‍ ഒളിവിലിരിക്കേയായിരുന്നു മുല്ല ഒമറിന്റെ മരണം. ഈ വിവരം ഒരു വര്‍ഷത്തോളം മറച്ചു വച്ച താലിബാന്‍ തൊട്ടടുത്ത വര്‍ഷമാണ് മരണം സ്ഥിരീകരിക്കുന്നത്.

Exit mobile version