ടാകുരെമ്പോ: കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ മകൾ ജൂലിയെറ്റ അന്തരിച്ചു. ആറ് വയസായിരുന്നു. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് തന്റെ മകളുടെ വിയോഗ വാർത്ത പങ്കുവെച്ചത്. ഏപ്രിൽ ഒമ്പതിനായിരുന്നു മകളുടെ മരണമെന്നാണ് ലൂണ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലൂണ പോസ്റ്റിൽ പറയുന്നു.
ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണിത്. ഇക്കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു ലൂണ. ‘അഗാധമായ സങ്കടത്തോടെ എന്റെ മകൾ ജൂലിയേറ്റയുടെ വിയോഗ വാർത്ത അറിയിക്കുകയാണ്. ഏപ്രിൽ 9നാണ് അവൾ വിടവാങ്ങിയത്.
താനും കുടുംബവും കടന്നു പോകുന്നത് അളവറ്റ വേദനയിലൂടെയാണ്. ഇതൊരിക്കലും വിട്ടുപോകില്ല. സ്നേഹം നിറഞ്ഞ, കാരുണ്യമുള്ള ഒരു പെൺകുട്ടി എന്ന നിലയിൽ ഞങ്ങൾ അവളെ ജീവിതത്തിലെ മാതൃകയായി എപ്പോഴും ഓർക്കും. രോഗത്തോട് പൊരുതുമ്പോഴും എപ്പോഴും അവൾ പുഞ്ചിരി തൂകി.
ജൂലിയേറ്റ, എങ്ങനെ സ്നേഹിക്കണമെന്നും ഭയത്തെ എങ്ങനെ നേരിടണമെന്നും ജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടായാലും ഒരിക്കലും പരാജയം സമ്മതിക്കരുതെന്നും എന്നെ നീ പഠിപ്പിച്ചു. സിസ്റ്റിക് ഫൈബ്രോസിസിനെതിരെ അവസാന ശ്വാസം വരെ നീ പോരാടി. അത് ഞാനൊരിക്കലും മറക്കില്ല’- ലൂണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Discussion about this post