ഇസ്ലാമാബാദ് : രാജ്യത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പാക് സര്‍ക്കാര്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്ന് പാകിസ്താനിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് നടപടി.
“രാജ്യവ്യാപകമായി മണിക്കൂറുകളോളം വൈദ്യുതി തകരാറിലാകുന്നതിനാല്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ടെലികോം ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുതി തടസ്സം അവരുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി ബാധിക്കുന്നുവെന്നാണ് അറിയിപ്പ്”. പാകിസ്താന്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബോര്‍ഡ് എന്‍ഐടിബി ട്വീറ്റ് ചെയ്തു.
വിലക്കയറ്റം രൂക്ഷമാകുന്നതിനിടെയാണ് ഇരുട്ടടി പോലെ വൈദ്യുതി പ്രതിസന്ധിയും പാകിസ്താനെ വലച്ചിരിക്കുന്നത്. ജൂലൈയില്‍ ലോഡ് ഷെഡ്ഡിംഗ് വര്‍ധിക്കുമെന്ന് തിങ്കളാഴ്ച തന്നെ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചിരുന്നു. ആവശ്യമായ പ്രകൃതിവാതകം ലഭ്യമായില്ലെന്നും ഇതിന് വേണ്ടി സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.