നാസി കൂട്ടക്കൊല : 101കാരനായ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‌ തടവ് ശിക്ഷ

Nazi | Bignewslive

ബര്‍ലിന്‍ : രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ജൂതവംശഹത്യയ്ക്ക് കൂട്ട് നിന്നതിന് മുന്‍ നാസി സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന 101കാരന് തടവ് ശിക്ഷ. ജര്‍മനിയിലെ സാച്ചന്‍ഹോസന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ ഗാര്‍ഡായി ജോലി ചെയ്യവേ കൂട്ടക്കുരുതിക്ക് ഒത്താശ ചെയ്തുവെന്ന് കണ്ടെത്തി ജോസഫ് ഷൂട്‌സ് എന്നയാളെയാണ്‌ ന്യൂറുപ്പിന്‍ റീജിയണല്‍ കോടതി 5 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

3,518 തടവുകാരുടെ കൂട്ടക്കൊലയ്ക്ക് ജോസഫ് കൂട്ടുനിന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. താന്‍ ഗാര്‍ഡായല്ല കൃഷിക്കാരനായാണ് ജോലി ചെയ്തതെന്നും തടവുകാരെ കൊന്നു എന്ന് പറയുന്ന കാലയളവില്‍ താനൊരിക്കല്‍ പോലും ജര്‍മന്‍ യൂണിഫോം അണിഞ്ഞിട്ടില്ലെന്നുമുള്ള ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല.

ബര്‍ലിന് സമീപമുള്ള ക്യാംപില്‍ 1942 മുതല്‍ 1945 വരെ ജോസഫ് നാസി പാര്‍ട്ടിയുടെ പാരാമിലിറ്ററി വിഭാഗത്തില്‍ ജോലി ചെയ്തിരുന്നതായി കോടതി കണ്ടെത്തി. ക്യാംപിലെത്തിച്ചിരുന്ന തടവുകാരെ ക്രൂരമായി ശിക്ഷിക്കുന്നതിനും കൊലപ്പെടുത്തുന്നതിനും മൂന്ന് വര്‍ഷം ഇയാള്‍ സാക്ഷ്യം വഹിച്ചുവെന്നും ഇതിനിയാള്‍ പിന്തുണ നല്‍കിയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പ്രതിയുടെ പ്രായാധിക്യമായ കാരണങ്ങളാല്‍ ഒരു ദിവസം രണ്ട് മണിക്കൂര്‍ വീതം മാത്രമാണ് വിചാരണ നടന്നത്. ശാരീരികമായ ബുദ്ധിമുട്ടുകളാല്‍ പ്രതിക്ക് ശിക്ഷ മുഴുവനായി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നാലും വിധിയില്‍ സംതൃപ്തരാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ജര്‍മനിയിലെ ജൂതസമൂഹം അറിയിച്ചു.

Exit mobile version