ബെയ്ജിങ് : കനത്ത പ്രളയത്തില്‍ വലഞ്ഞ് ചൈന. അറുപത് വര്‍ഷത്തിനിടെ ഉണ്ടായതില്‍ ഏറ്റവും വലിയ പ്രളയത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയെ ആകെ ബാധിച്ചിരിക്കുന്ന പ്രളയത്തില്‍ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
രാജ്യത്തുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ്. താഴ്ന്ന പ്രദേശത്തുള്ള പേള്‍ നദിയില്‍ വെള്ളം പൊങ്ങിയത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. നിര്‍മാണ മേഖലകളും ഇതിനാല്‍ ഭീഷണിയിലാണ്. ഗുവാങ്‌ഡോങ്, ഫ്യൂജിയാന്‍, ഗ്വാങ്ക്‌സി പ്രവിശ്യകളില്‍ മെയ് മുതല്‍ ജൂണ്‍ പകുതി വരെ 621 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 1961 മുതലുള്ള കണക്കുകള്‍ വെച്ച് ഏറ്റവും കൂടിയ അളവിലുള്ള മഴയാണിത്.
രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഗ്വാങ്ക്‌സിയില്‍ നഗരത്തിലാകെ ചളി നിറഞ്ഞ് റോഡുകളൊന്നും തിരിച്ചറിയാനാവാത്ത സ്ഥിതിയിലായത് രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കി. ഗ്വാങ്‌ഡോങില്‍ ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇവിടെ മാത്രം ഏകദേശം 1.7 ബില്യണ്‍ യുവാന്റെ നാശനഷ്ടമുണ്ടായി. ഷാവോഗുവാനില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.