ഡോക്ടര്‍മാരുടെ അനാസ്ഥ : പാകിസ്താനില്‍ പ്രസവത്തിനിടെ കുഞ്ഞിന്റെ തലയും ഉടലും വേര്‍പെട്ടു

Newborn | Bignewslive

കറാച്ചി : ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം പാകിസ്താനില്‍ പ്രസവത്തിനിടെ കുഞ്ഞിന്റെ തലയും ഉടലും വേര്‍പെട്ടു. കുഞ്ഞിന്റെ തല ഗര്‍ഭപാത്രത്തിനുള്ളിലും ഉടല്‍ പുറത്തും എന്ന രീതിയിലാണ് ആശുപത്രി ജീവനക്കാര്‍ 32കാരിയുടെ പ്രസവമെടുത്തത്. ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിന്ധ് പ്രവിശ്യയിലുള്ള റൂറല്‍ ഹെല്‍ത്ത് സെന്ററില്‍ ഞായറാഴ്ചയായിരുന്നു സംഭവം. തര്‍പാര്‍കര്‍ സ്വദേശിനിയായ യുവതി പ്രസവത്തിനെത്തിയ സമയം ഇവിടെ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നില്ല. പ്രവൃത്തി പരിചയമുള്ള ജീവനക്കാരും ആശുപത്രിയിലില്ലായിരുന്നുവെന്നാണ്‌ ആരോപണം. ആശുപത്രിയുടെ അനാസ്ഥയില്‍ പ്രസവത്തിനിടെ കുഞ്ഞിന്റെ തലയും ഉടലും വേര്‍പെടുകയായിരുന്നു.

തല ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് ഇവര്‍ വയര്‍ തുന്നിക്കെട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതിയുടെ നില അതീവ ഗുരുതരമായതോടെ ഇവരെ ലിയാഖത്ത് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ തല യുവതിയുടെ ശരീരത്തിനുള്ളില്‍ നിന്നു നീക്കം ചെയ്തത്.

സംഭവത്തെത്തുടര്‍ന്ന് യുവതിയുടെ ഗര്‍ഭപാത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ സിന്ധ് ഹെല്‍ത്ത് സര്‍വീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version