കീവ് : ഉക്രെയ്‌ന് വേണ്ടി യുദ്ധം ചെയ്യുന്നതിനിടെ പിടിയിലായ മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ. ബ്രിട്ടീഷ് സ്വദേശികളായ എയ്ഡന്‍ അസ് ലിന്‍, ഷോണ്‍ പിന്നെര്‍ എന്നിവര്‍ക്കും ബ്രാഹിം സാദൂന്‍ എന്ന മൊറോക്കന്‍ പൗരനുമാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ഭരിക്കുന്ന കിഴക്കന്‍ ഉക്രെയ്‌നിലെ കോടതിയുടേതാണ് ശിക്ഷ.
ഫെബ്രുവരി 24ന് ഉക്രെയ്‌നില്‍ റഷ്യ അധിനിവേശം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് വിദേശ പൗരന്മാര്‍ക്ക് ശിക്ഷ വിധിക്കുന്നത്. ശിക്ഷ ലഭിച്ച മൂവരും ഉക്രെയ്ന്‍ കൂലിപ്പടയാളികളെന്നാണ് ആരോപണം. ശിക്ഷ വിധിച്ച സ്വയം പ്രഖ്യാപിത ഡോണ്‍സ്‌റ്റെക് പീപ്പിള്‍സ് റിപ്പബ്ലിക് സുപ്രീം കോടതി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല.
അധികാരം പിടിച്ചെടുക്കല്‍, ഭീകരപ്രവര്‍ത്തന പരിശീലനം തുടങ്ങിയവയ്‌ക്കെതിരെയുള്ള ഡിപിആര്‍ ലീഗല്‍ കോഡിന്റെ നാലാം ആര്‍ട്ടിക്കിള്‍ ലംഘിച്ചതായി ചൂണ്ടിക്കാണിച്ചാണ് ശിക്ഷാനടപടി. കൂലിപ്പടയാളികളുടെ പ്രവര്‍ത്തനം പൊതുജനങ്ങളുടെ മരണത്തിനും മറ്റ് പരിക്കുകള്‍ക്കും കാരണമായിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.
വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തെ ശക്തമായി അപലപിച്ച ബ്രിട്ടന്‍ ഇരുവരെയും വിട്ടുകിട്ടാന്‍ ഉക്രെയ്ന്‍ അധികൃതരുമായി സഹകരിക്കുകയാണെന്ന് അറിയിച്ചു. ഉക്രെയ്‌നില്‍ റഷ്യ യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി വിദേശത്ത് നിന്ന് പോരാളികളെ ക്ഷണിച്ചിരുന്നു.