അപ്രതീക്ഷിതമായി ഉണ്ടായ ഒരപകടവും തുടർന്ന് ജീവിതത്തിനും മരണത്തിനും ഇടയിൽ കിടന്ന നാളുകളും ഒടുവിൽ കണ്ണ് തുറന്നപ്പോഴുണ്ടായ ദുരന്തവും പങ്കുവെച്ച് 25കാരിയായ ബ്രീ ഡുവൽ എന്ന യുവതി. ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന വേളയിലാണ് ബ്രീയുടെ ജീവിതം തകിടം മറിഞ്ഞത്. ഓസ്ട്രേലിയയിൽ നിന്ന് കാനഡയിലേക്ക് മാറി ഒരു വലിയ കമ്പനിയിലാണ് അവൾ ജോലി ചെയ്തിരുന്നത്. അതുപോലെ, നാല് വർഷമായി അവൾ ഒരു യുവാവുമായി പ്രണയത്തിലുമായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബ്രീയ്ക്ക് അപകടം സംഭവിച്ചത്. സുഹൃത്തുക്കളുമൊത്തുള്ള ഒരു രാത്രി യാത്രയ്ക്കിടെ, അവൾ ഒരു നടപ്പാതയിൽ നിന്ന് വീഴുകയായിരുന്നു. അവിടെ ചില നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബ്രീ എന്നാൽ അത് ശ്രദ്ധിച്ചിരുന്നില്ല. യുവതി പതിച്ചത് ഒരു കുഴിയിലേയ്ക്ക് ആയിരുന്നു.
ഉടനടി ബ്രീയെ എയർലിഫ്റ്റ് ചെയ്ത് ആൽബെർട്ട യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ മസ്തിഷ്‌ക ക്ഷതമേറ്റിരുന്നു. കൂടാതെ നിരവധി എല്ലുകളും ഒടിഞ്ഞിരുന്നു. അങ്ങനെ അവളെ ഐസിയുവിൽ ലൈഫ് സപ്പോർട്ടിൽ കിടത്തി. നാലാഴ്ച ബ്രി കോമയിലായിരുന്നു. ഇത് തരണം ചെയ്യാനും അതിജീവിക്കാനും അവൾക്ക് 10% സാധ്യത മാത്രമേ ഉള്ളൂവെന്ന് ഡോക്ടർമാർ അമ്മയോട് പറഞ്ഞു. ഭാഗ്യവശാൽ, ലൈഫ് സപ്പോർട്ട് ഓഫാക്കാൻ അവളുടെ മാതാപിതാക്കൾ വിസമ്മതിച്ചു.
മൂന്നാഴ്ചയ്ക്കുള്ളിൽ അവൾ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ഒടുവിൽ ബ്രീ ഉണർന്നപ്പോൾ അവൾക്ക് ചെറിയ ഓർമ്മക്കുറവ് ഉണ്ടായിരുന്നു. എന്നാലും മെല്ലെ മെല്ലെ അവൾ എല്ലാം ഓർത്തെടുത്തു. അവളുടെ ഫോൺ കൈയ്യിൽ കിട്ടിയപ്പോഴാണ് കാത്തിരുന്ന ദുരന്തം അവൾ അറിഞ്ഞത്. നാല് വർഷമായി പ്രണയത്തിലായിരുന്ന, അപകടത്തിന് മുമ്പ് ഒരുമിച്ച് താമസിച്ചിരുന്ന അവളുടെ കാമുകൻ അവളെ എല്ലാ സാമൂഹികമാധ്യമങ്ങളിലും ബ്ലോക്ക് ചെയ്തിരിക്കുന്നു. കൂടാതെ മറ്റൊരാളുമായി പ്രണയത്തിലായിരിക്കുന്നു.
‘അവസാനം എനിക്കെന്റെ ഫോൺ തിരികെ കിട്ടി. ആദ്യത്തെ തോന്നൽ അവനെ വിളിക്കണമല്ലോ എന്നായിരുന്നു. എനിക്ക് സംഭവിച്ചത് അവനറിഞ്ഞിരുന്നോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ അവന് ഞാൻ മെസേജ് അയച്ചു. അപ്പോഴാണ് ഒരു മെസേജ് തിരികെ വന്നത്, അതിലെഴുതിയത് ഇങ്ങനെയായിരുന്നു- ഞാനവന്റെ പങ്കാളിയാണ്. ഞാനും മകനും ഇപ്പോൾ അവനൊപ്പമാണ് താമസിക്കുന്നത്. ദയവായി ഇനി ഇങ്ങോട്ട് കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നായിരുന്നു അത്’ ബ്രീ പറയുന്നു.