ന്യൂയോർക്ക്: അർബുദ രോഗത്തെ മരുന്ന് കഴിച്ച് പൂർണമായും ഭേദമാക്കാനാകുമെന്ന ന്യൂയോർക്കിലെ പരീക്ഷണറിപ്പോർട്ട് ലോകത്ത് വലിയ ചർച്ചയായിരിക്കെ രോഗം മാറിയവരിൽ ഒരു ഇന്ത്യക്കാരിയും. യുഎസിൽ താമസമാക്കിയ ഇന്ത്യൻ വംശജ നിഷ വർഗീസാണ് പരീക്ഷണത്തിൽ പങ്കെടുത്ത് തന്റെ അർബുദം പൂർണമായും മാറിയെന്ന് വെളിപ്പെടുത്തുന്നത്. ‘ഇത് ശരിക്കും അത്ഭുതമാണ്’ എന്നാണ് നിഷയുടെ പ്രതികരണം.
‘ഡോസ്ടാർലിമാബ്’ എന്ന പുതിയ മരുന്ന് പരീക്ഷിക്കാൻ തയാറായ 18 അർബുദ ബാധിതരിൽ ഒരാളായിരുന്നു നിഷയും. നിഷ ഉൾപ്പെടെ പരീക്ഷണത്തിൽ പങ്കാളികളായ എല്ലാവരിലും രോഗം പൂർണമായി ഭേദമായി എന്ന് ഡോക്ടർമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മരുന്നുകഴിച്ച് ആറുമാസത്തിനുശേഷം അർബുദ വളർച്ച പൂർണമായും നിലച്ചു. രണ്ടു വർഷം പിന്നിടുമ്പോൾ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരും അർബുദ മുക്തരായി പുതുജീവിതം നയിക്കുന്നുതായി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലായിരുന്നു മരുന്നിന്റെ പരീക്ഷണം. പരീക്ഷണത്തിന്റെ ഭാഗമായി രോഗബാധിതർ ആറുമാസമാണ് മരുന്ന് കഴിച്ചത്. ശേഷം പരിശോധനയ്ക്ക് വിധേയരായപ്പോൾ എല്ലാവരിലും അർബുദകോശങ്ങൾ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ട്. എൻഡോസ്‌കോപി, പെറ്റ്, എംആർഐ സ്‌കാൻ എന്നിവയിലൂടെയാണ് അർബുദകോശങ്ങൾ അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചത്. മൂന്നാഴ്ചയിൽ ഒരിക്കൽവീതം ആറുമാസത്തേക്കാണ് രോഗികൾഡോസ്ടാർലിമാബ് മരുന്ന് കഴിച്ചത്.
‘ശരിക്കും മിറക്കിൾ, അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ആ ദിവസം ട്യൂമർ കാണാനുണ്ടിയിരുന്നില്ല. ട്യൂമർ എവിടെ പോയി എന്ന് ഞാൻ ചിന്തിച്ചു. അത് എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകും എന്ന് കരുതി. ഡോക്ടർ എന്നോട് പറഞ്ഞു, ട്യൂമർ പൂർണമായും ഭേദമായി. ഇത് ശരിക്കും അത്ഭുതമാണ്’,- നിഷ പറയുന്നു.
നിഷ വർഗീസിലും പരീക്ഷണത്തിൽ പങ്കെടുത്ത മറ്റ് രോഗികളിലും അർബുദബാധ സമാന അവസ്ഥയിലായിരുന്നു. മലാശയത്തെ പൂർണമായി അർബുദം ബാധിച്ചിരുന്നെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിരുന്നില്ല. എല്ലാവരും കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷൻ എന്നീ ചികിത്സാരീതികളിലൂടെ കടന്നുപോകുകയായിരുന്നു. ഇതിനിടെയാണ് പരീക്ഷണത്തിന് ഇവർ തയ്യാറായത്.
എല്ലാവരിലും ഒരുപോലെ മരുന്ന് ഫലംകണ്ടുവെന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകിയ ഡോ. ലൂയി എ ഡയസ് ജൂനിയർ പറഞ്ഞു.
Discussion about this post