ടെഹ്‌റാന്‍ : ഒറ്റ ദിവസം പന്ത്രണ്ട് ബലൂചി തടവുകാരെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ഇറാനിലെ ജയിയിലാണ് തടവുകാരെ കൂട്ടത്തോടെ വധിച്ചത്. ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഐഎച്ച്ആര്‍) ചൊവ്വാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും പതിനൊന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു.
Horrendous. Iran Hangs 12 Baluchi Prisoners In One Day: Reporthttps://t.co/Ei3GEfFLvc
— Subhashini Ali (@SubhashiniAli) June 8, 2022
തിങ്കളാഴ്ച രാവിലെ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സഹെദാന്‍ എന്ന ജയിലിലാണ് കൂട്ട വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ കൊലക്കുറ്റത്തിനും ബാക്കിയുള്ളവര്‍ മയക്കുമരുന്ന് കേസിലും ശിക്ഷിക്കപ്പെട്ടവരാണ്. എല്ലാവരും ബലൂച്ച് വംശീയ ന്യൂനപക്ഷത്തിലെ അംഗങ്ങളാണെന്നാണ് നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആറിന്റെ റിപ്പോര്‍ട്ട്. കൂട്ട വധശിക്ഷയുടെ വാര്‍ത്ത ആഭ്യന്തര മാധ്യമങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യുകയോ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
സുന്നി മുസ്ലിങ്ങളാണ് ബലൂച്ച് വംശജര്‍. ഇറാന്‍ ഷിയാ ഭൂരിഭക്ഷ രാജ്യമാണ്. വടക്കു പടിഞ്ഞാറന്‍ കുര്‍ദുകള്‍, തെക്കു പടിഞ്ഞാറന്‍ അറബികള്‍, തെക്കുകിഴക്ക് ബലൂച്ച് എന്നീ ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ക്ക് ഇറാന്‍ നിരന്തരം വധശിക്ഷകള്‍ വിധിക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ അറിയിക്കുന്നത്. ഇറാന്‍ ജനസംഖ്യയില്‍ 2.6 ശതമാനം മാത്രമാണ് ബലൂച്ച് വംശജര്‍. എന്നാല്‍ ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയരാകുന്നവരില്‍ 21 ശതമാനവും ഇവരാണ്.
Discussion about this post