ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി ഭീഷണി; 4000ത്തോളം ആളുകളെ ഒഴിപ്പിച്ചു

ജക്കാര്‍ത്ത: സുനാമി ഭീതി മാറാതെ വീണ്ടും ഇന്തോനേഷ്യ. സുനാമി ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് 4000ത്തോളം ആളുകളെ ഒഴിപ്പിച്ചു.

ഇന്തോനേഷ്യന്‍ നാഷണല്‍ ബ്യൂറോ ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (ബിഎന്‍പിബി) പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് സുനാമി ഭീഷണിയെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച സുനാമി ഉണ്ടായ ജാവ സുമാത്ര ദ്വീപുകളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സുനാമി ഭീതി. കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യയില്‍ ഉണ്ടായ സുനാമിയില്‍ 400ല്‍ അധികം ആളുകളാണ് മരിച്ചത്. അനക്ക് ക്രകതോവ എന്ന അഗ്‌നിപര്‍തം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു അന്ന് സുനാമി അടിച്ചത്.

സുനാമി ഉണ്ടായ ചില പ്രദേശങ്ങളില്‍ എത്താന്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നെക്കാമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

Exit mobile version