‘വാങ്ങുന്നവര്‍ വീട്ടില്‍ ഒരു വര്‍ഷം തികയ്ക്കില്ല’ : കോണ്‍ജ്വറിങ് വീട് വിറ്റത് 11.72 കോടിയ്ക്ക്

ന്യൂയോര്‍ക്ക് : 2013ലിറിങ്ങിയ ഹോളിവുഡ് ഹൊറര്‍ ചിത്രം ‘ദി കോണ്‍ജ്വറിങ്ങി’ന് പ്രമേയമായ യുഎസിലെ റോഡ് ഐലന്‍ഡിലുള്ള പുരാതന വീട് വിറ്റു. യുഎസിലെ പ്രസിദ്ധമായ പ്രേത വീടുകളിലൊന്നാണെങ്കിലും 11.72 കോടി രൂപയ്ക്കാണ് (15.23 ഡോളര്‍) വീട് വിറ്റ് പോയത്. 12 ലക്ഷം ഡോളറായിരുന്നു വീടിന് നിശ്ചയിച്ചിരുന്ന വില.

വാങ്ങുന്നവര്‍ വീട്ടില്‍ ഒരു വര്‍ഷം തികയ്ക്കില്ല എന്ന് പ്രത്യേകം പരസ്യത്തില്‍ എഴുതിയായിരുന്നു വീടിന്റെ വില്‍പന. പക്ഷേ എല്ലാവരെയും ഞെട്ടിച്ച് പ്രതീക്ഷിച്ചതിലും 30 ശതമാനം അധികം തുക നല്‍കിയാണ് ബോസ്റ്റണ്‍ ആസ്ഥാനമായ ഭൂമിയിടപാട് കമ്പനിയുടെ ഉടമ ജാക്വിലിന്‍ ന്യൂവെന്‍സ് വീട് വാങ്ങിയത്.

കോണ്‍ജ്വറിങ് ഹൗസ് എന്ന പേരില്‍ വീട് നിലവില്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിട്ടുള്ളതിനാല്‍ ഇത് ബിസിനസ് ആക്കുകയാണ് ജാക്വിലിന്റെ ലക്ഷ്യം. താല്പര്യമുള്ളവര്‍ക്ക് പ്രേതങ്ങളുമായി സംവദിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ജാക്വിലിന്‍ ഒരു യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജെന്‍-കോറി ഹെയ്ന്‍സണ്‍ ദമ്പതികളാണ് വീടിന്റെ പഴയ ഉടമകള്‍. 2019ല്‍ ആന്‍ഡ്രിയ പെറണില്‍ നിന്നാണ് ഇവരിത് വാങ്ങുന്നത്. ആന്‍ഡ്രിയയുടെ കുടുംബം 1971-1980 കാലയളവില്‍ വീട്ടില്‍ താമസിച്ചിരുന്നു. ആ സമയം വീട്ടില്‍ നടന്ന ചില പാരാ നോര്‍മല്‍ ആക്ടിവിറ്റികളെ തുടര്‍ന്നാണ് ഇവരിത് വില്‍ക്കുന്നത്.

ബാധയൊഴിപ്പിക്കാനായി ഇവര്‍ അതീന്ദ്രിയ സംഭവങ്ങളെപ്പറ്റി പഠിക്കുന്ന എഡിനെയും ലൊറെയ്‌നെയും സമീപിക്കുകയും ഇവരുടെ അനുഭവങ്ങള്‍ പ്രമേയമാക്കി ‘ദി കോണ്‍ജ്വറിങ്’ പിറക്കുകയുമായിരുന്നു.

8.5 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീട് 1736ലാണ് പണി കഴിപ്പിക്കുന്നത്. വീട്ടില്‍ താമസിച്ചിരുന്ന സമയത്ത് തന്റെ അമ്മ വായുവില്‍ ഉയര്‍ന്ന് പൊങ്ങി നില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്നും പല തവണ ആത്മാക്കളുടെ സാമീപ്യം തനിക്കനുഭവപ്പെട്ടിട്ടുണ്ടെന്നും ആന്‍ഡ്രിയ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Exit mobile version