‘കുട്ടികള്‍ എന്നോടും എന്റെ മകനോടും ക്ഷമിക്കണം’ : ടെക്‌സസ് വെടിവെയ്പ്പിലെ കൊലയാളിയുടെ അമ്മ

ഓസ്റ്റിന്‍ : ടെക്‌സസില്‍ 19 വിദ്യാര്‍ഥികളെയടക്കം 21 പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ക്ഷമ ചോദിച്ച് കൊലയാളിയുടെ അമ്മ. മകന്‍ എന്തിനിത് ചെയ്തുവെന്ന് അറിയില്ലെന്നും കുട്ടികള്‍ തന്നോടും തന്റെ മകനോടും ക്ഷമിക്കണമെന്നും കൊലപാതകി സാല്‍വഡോര്‍ റാമോസിന്റെ അമ്മ ആന്‍ഡ്രിയാന മാര്‍ട്ടിനെസ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വികാരാധീനയായി പറഞ്ഞു.

“നിഷ്‌കളങ്കരായ കുട്ടികള്‍ എന്നോടും എന്റെ മകനോടും പൊറുക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. ഈ ഒരു പ്രവൃത്തിയുടെ പേരില്‍ അവനെ വിലയിരുത്തരുതെന്ന് അപേക്ഷിക്കുകയാണ്. അവന് ചിലപ്പോള്‍ അവന്റേതായ കാരണങ്ങളുണ്ടായിരുന്നിരിക്കാം. ആ സമയത്ത് അവന്റെ മനസ്സിലൂടെ കടന്ന് പോയതെന്താണെന്ന് എനിക്കറിയില്ല”. ആന്‍ഡ്രിയാന പറഞ്ഞു.

കുട്ടികളെ വെടിവെയ്ക്കുന്നതിന് പകരം മകന് തന്നെ കൊല്ലാമായിരുന്നുവെന്നാണ് റാമോസിന്റെ അച്ഛന്‍ പ്രതികരിച്ചത്. ജോലി സ്ഥലത്ത് വെച്ച് ആന്‍ഡ്രിയ വിളിക്കുമ്പോഴാണ് താന്‍ സംഭവമറിയുന്നതെന്നും ഉടന്‍ തന്നെ ജയിലില്‍ വിളിച്ച് മകനെപ്പറ്റി അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി അവനെ കൊലപ്പെടുത്തിയെന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ടെക്‌സസിലെ റോബ് എലമെന്ററി സ്‌കൂളില്‍ ലോകത്തെ നടുക്കി 18കാരന്റെ വെടിവെയ്പ്പുണ്ടാകുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം സ്‌കൂളിലെത്തിയ അക്രമി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടരെ നടക്കുന്ന വെടിവെയ്പ്പുകള്‍ക്ക് നേരെ നടപടിയുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ലോകരാഷ്ട്രങ്ങള്‍ അടക്കം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ മാത്രം 198 വെടിവെയ്പ്പുകള്‍ അമേരിക്കയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.

അതേസമയം നാല്പ്പത് മിനിറ്റോളം അക്രമി സ്‌കൂളിനകത്തുണ്ടായിട്ടും പോലീസ് അകത്ത് പ്രവേശിക്കാതെ വെളിയില്‍ തന്നെ നിന്നത് വിവാദമായിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ കാരണം പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. അക്രമി അകത്ത് വെടിവെയ്പ്പ് നടത്തുമ്പോള്‍ പോലീസ് പുറത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കുകയായിരുന്നുവെന്നാണ് ആരോപണം.

Exit mobile version